ബെംഗളൂരു: നഗരവാസികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ ട്രാൻസ്‌പോർട്ട് പ്രോജക്‌ട് നിർമ്മാണം സുപ്രധാന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് മുന്നോട്ട്.പദ്ധതിയുടെ കോറിഡോർ-4 (കനക ലൈൻ) ഭാഗത്തെ ഹുസ്‌കൂർ സ്‌റ്റേഷനില്‍ ആദ്യ ടി-ഗിർഡർ വിജയകരമായി സ്ഥാപിച്ചതായി പദ്ധതി നടപ്പാക്കുന്ന റെയില്‍ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു. ജൂലൈ 31-നാണ് 15.45 മീറ്റർ നീളമുള്ള പ്രീകാസ്‌റ്റ് ടി-ഗിർഡർ സ്ഥാപിച്ചത്.പ്രീകാസ്‌റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നിർമ്മാണ വേഗം വർധിപ്പിക്കാനും ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ഓരോ ടി-ഗിർഡറിനും 17 ഘനമീറ്റർ എം50 ഗ്രേഡ് കോണ്‍ക്രീറ്റ് ആവശ്യമാണ്. ഏകദേശം 47 ടണ്‍ ഭാരമുള്ള ഈ ഗിർഡറുകള്‍ പദ്ധതി നിർമാണത്തിലെ പ്രധാന ഘടകങ്ങളാണ്.
ആർവിഎൻഎല്‍-റിത്‌വിക് കണ്‍സോർഷ്യമാണ് കെ റൈഡിന്റെയും ജനറല്‍ കണ്‍സള്‍ട്ടന്റിന്റെയും മേല്‍നോട്ടത്തില്‍ നിർമ്മാണം നിർവഹിച്ചത്.ആധുനിക നിർമ്മാണ സാങ്കേതികവിദ്യകളും പ്രീകാസ്‌റ്റ് എൻജിനീയറിങ് രീതികളും നൂതന നിർവഹണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്ന് കെ റൈഡ് എംഡി ലക്ഷ്‌മണ്‍ സിംഗ് വ്യക്തമാക്കി. ഇതിലൂടെ നിർമ്മാണം കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.കോറിഡോർ-4, അഥവാ കനക ലൈൻ, ദക്ഷിണ ബെംഗളൂരുവിലെ ഹീലലിഗെയില്‍ നിന്ന് നഗരത്തിന്റെ വടക്കൻ ഭാഗമായ രാജനുകുണ്ടെ വരെ 46.88 കിലോമീറ്റർ ദൈർഘ്യത്തില്‍ നിർമ്മിക്കുന്ന പാതയാണ്. എന്നാല്‍ ഇതില്‍ 24.34 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്തെ വയഡക്റ്റ്, ട്രാക്ക് നിർമാണത്തിനായുള്ള ടെൻഡറുകള്‍ കെ റൈഡ് ഇതുവരെ ക്ഷണിച്ചിട്ടില്ല.ഹീലലിഗെ-ബെല്ലന്ദൂർ, ബെന്നിഗനഹള്ളി-ജക്കൂർ എന്നിവ ഉള്‍പ്പെടുന്ന 22.54 കിലോമീറ്റർ ഭാഗത്തിനായുള്ള ടെൻഡറുകള്‍ മേയില്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും അവ ഇപ്പോള്‍ വിലയിരുത്തല്‍ ഘട്ടത്തിലാണ്.
അതേസമയം കോറിഡോർ-2 (ബയ്യപ്പനഹള്ളി-ചിക്കബാനവാര) പദ്ധതിയിലെ രണ്ട് നിർമ്മാണ പാക്കേജുകളുടെ കരാർ പിജെബി എഞ്ചിനീയർസ് പ്രൈവറ്റ് ലിമിറ്റഡിനും പിജെബി-സിവിസിസി സംയുക്ത സംരംഭത്തിനും ലഭിച്ചു.ബെന്നിഗനഹള്ളി മുതല്‍ ഷെട്ടിഹള്ളി വരെ 7.795 കിലോമീറ്റർ നീളമുള്ള മൂന്നാം പാക്കേജിനായുള്ള ടെൻഡർ, എൻസിസി ലിമിറ്റഡ് മാത്രമാണ് അപേക്ഷ സമർപ്പിച്ചതിനാല്‍ വീണ്ടും ക്ഷണിച്ചിട്ടുണ്ട്. ഈ ഭാഗത്ത് 1.11 കിലോമീറ്റർ നീളമുള്ള ഡബിള്‍ ഡെക്കർ വയഡക്റ്റും ഉള്‍പ്പെടും. സ്‌റ്റേഷൻ നിർമാണം പ്രത്യേകം കരാറുകളിലൂടെയാണ് നടപ്പാക്കുന്നത്.കോറിഡോർ-2ല്‍ 12 സ്‌റ്റേഷനുകളുടെയും കോറിഡോർ 4ല്‍ 18 സ്‌റ്റേഷനുകളുടെയും നിർമ്മാണ കരാറുകള്‍ ഇതിനകം അനുവദിച്ചിട്ടുണ്ട്. നിലവിലെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് കോറിഡോർ-2 2028 ഡിസംബറിലും, കോറിഡോർ-4 2029 ജൂണിലും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് കെ റൈഡ് ലക്ഷ്യമിടുന്നത്. കെഎസ്‌ആർ. ബെംഗളൂരു-ദേവനഹള്ളി വിമാനത്താവളം (കോറിഡോർ-1), കെംഗേരി-വൈറ്റ്ഫീല്‍ഡ് (കോറിഡോർ-3) എന്നീ പാതകള്‍ 2030 മാർച്ചോടെ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു.