ബെംഗളൂരു : ബെംഗളൂരുവിലെ മന്ദാരഗിരി കുന്നിന് സമീപമുള്ള ഒരു ഫ്ലൈഓവറില്‍ മനഃപൂർവം ആണികള്‍ വിതറി അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് കാണിക്കുന്ന വീഡിയോ വൈറലാകുന്നു.
ടൂവീലർ യാത്രികർ ഉള്‍പ്പെടെയുള്ളവർക്ക് ഗുരുതരമായ ഭീഷണിയുയർത്തുന്ന ഈ സംഭവത്തില്‍ ആശങ്കയറിയിച്ച് നിരവധി പേർ രംഗത്തെത്തി. യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു സംഘം റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഐക്കിയ ഷോറൂമിന് (IKEA showroom) സമീപമുള്ള റോഡില്‍ ആണി തറച്ച് ടയർ പഞ്ചറായതാണ് സംഭവങ്ങളുടെ തുടക്കം. ഭാഗ്യവശാല്‍, ഈ സംഘത്തിന്റെ പക്കല്‍ സ്പെയർ ട്യൂബ് ഉണ്ടായിരുന്നതിനാല്‍ അവർക്ക് ടയർ മാറ്റി യാത്ര തുടരാൻ സാധിച്ചു.
എന്നാല്‍, യാത്ര തുടരുന്നതിനിടെ റോഡിന്റെ പല ഭാഗത്തും ആണികള്‍ വിതറിയിരിക്കുന്നതായി അവർ കണ്ടു. തുടർന്ന് മറ്റൊരു ഫ്ലൈഓവറില്‍ വണ്ടി നിർത്തി അവർ ഈ ആണികളുടെ ദൃശ്യങ്ങള്‍ പകർത്തി, മറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കി. ഡസൻ കണക്കിന് ആണികള്‍ മനഃപൂർവം സ്ഥാപിച്ചിരിക്കുകയാണെന്നും ഇത് യാത്രക്കാർക്ക് വലിയ അപകടമുണ്ടാക്കുമെന്നും അവർ ആരോപിച്ചു.