Home കർണാടക ബെംഗളൂരുവില്‍ രാമനവമി പ്രസാദം കഴിച്ചതിനെത്തുടര്‍ന്ന് 200ലേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരുവില്‍ രാമനവമി പ്രസാദം കഴിച്ചതിനെത്തുടര്‍ന്ന് 200ലേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

by ടാർസ്യുസ്

കർണാടക: ബെംഗളൂരു റൂറല്‍ ജില്ലയില്‍ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നല്‍കിയ പ്രസാദം കഴിച്ചതിനെത്തുടർന്ന് നൂറുകണക്കിന് ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ജില്ലയിലെ ദേവനഹള്ളി താലൂക്കിലുള്ള ബെറ്റനഹള്ളി ഗ്രാമത്തില്‍ വാർഷിക രാമനവമി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം..ചടങ്ങിനിടെ വിതരണം ചെയ്ത ‘അന്ന പ്രസാദം’ കഴിച്ച ഗ്രാമവാസികള്‍ക്ക് ഞായറാഴ്ച പുലർച്ചയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഇരുന്നൂറിലധികം പേരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും മറ്റു പലരെയും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സിച്ചതായും വിവരമുണ്ട്. ഗുരുതരാവസ്ഥയിലായ ചില രോഗികളെ ആംബുലൻസില്‍ ആശുപത്രികളിലേക്ക് മാറ്റി. ഏകദേശം 400 ഓളം പേരെ ഭക്ഷ്യവിഷബാധ ബാധിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ പ്രാഥമിക കണക്കുകൂട്ടല്‍. സംഭവത്തിന് ശേഷം റവന്യൂ, താലൂക്ക് ഉദ്യോഗസ്ഥർ ഉടൻ ഗ്രാമം സന്ദർശിച്ചില്ലെന്ന് പ്രാദേശിക നിവാസികള്‍ ആരോപിച്ചു. ആരോഗ്യവകുപ്പ് സംഘം മാത്രമാണ് ബാധിതരായ കുടുംബങ്ങളെ സഹായിക്കാൻ എത്തിയതെന്നും അവർ പരാതിപ്പെട്ടു.

ജില്ലാ മെഡിക്കല്‍ ഓഫീസർ ലക്ക കൃഷ്ണറെഡ്ഡി പിന്നീട് ആശുപത്രികള്‍ സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രസാദം കഴിച്ചതിന് ശേഷം രാത്രി 10 മണിയോടെ വയറുവേദന, ഛർദ്ദി, വയറിളക്കം, കടുത്ത തളർച്ച എന്നീ ലക്ഷണങ്ങള്‍ രോഗികളില്‍ കണ്ടുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ആശാ പ്രവർത്തകരും റാപ്പിഡ് റെസ്‌പോണ്‍സ് ടീം (RRT) അംഗങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യ സംഘങ്ങളെ ഗ്രാമത്തില്‍ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിനും സമയബന്ധിതമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനുമായി ഇവർ വീടുകള്‍ തോറും പരിശോധന നടത്തിവരികയാണ്.അതേസമയം, ആഘോഷവേളയില്‍ വിളമ്പിയ ഭക്ഷണത്തിന്റെയും പാചകത്തിന് ഉപയോഗിച്ച വെള്ളത്തിന്റെയും സാമ്പിളുകള്‍ അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇവ ലാബോറട്ടറി പരിശോധനയ്ക്കായി അയച്ചു. ഭക്ഷണത്തില്‍ വിഷാംശം കലരാനുണ്ടായ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group