ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയില്‍ എ.ഐ കാമറകള്‍ സ്ഥാപിച്ച് 15 ദിവസങ്ങള്‍ക്കകം 12,000 നിയമലംഘനങ്ങള്‍ കണ്ടെത്തി.
റോഡ് സുരക്ഷ എ.ഡി.ജി.പി അലോക് കുമാർ എക്സില്‍ പോസ്റ്റ് ചെയ്തതാണിത്. പിഴ അടക്കാനുള്ള നോട്ടീസ് വാഹന ഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് നേരിട്ടുവരും. കർണാടക ആർ.ടി.സി ഡ്രൈവർ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിക്കുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളുടെ ചിത്രങ്ങളും എ.ഡി.ജി.പി പങ്കുവെച്ചു.
രാത്രിയായാലും പകലായാലും ബംഗളൂരു-മൈസൂരു പാതയില്‍ കാമറകളുടെ കണ്ണുവെട്ടിച്ച് നിയമലംഘനം നടത്താനാകില്ലെന്ന് അലോക് കുമാർ പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചതിനും ഫോണ്‍ പിടിച്ചുകൊണ്ടിരുന്നതിനുമാണ് കൂടുതല്‍ കേസുകള്‍. പാതയില്‍ ഗതാഗത നിയമലംഘനങ്ങള്‍ പതിവായതിനെത്തുടർന്നാണ് 60 എ.ഐ കാമറകള്‍ സ്ഥാപിച്ചത്. ഇതില്‍ 48 എണ്ണം ഓട്ടോമാറ്റിക് നമ്ബർപ്ലേറ്റ് റെക്കഗ്‌നിഷൻ (എ.എൻ.പി.ആർ) സംവിധാനം ഉള്ളവയാണ്.
നിർമിതബുദ്ധി കാമറയാണ് രംഗങ്ങള്‍ ഒപ്പിയത്പാതയിലെ മൂന്ന് സ്ഥലങ്ങളില്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻ.എച്ച്.എ.ഐ) കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനങ്ങളും അപകടങ്ങളും കൂടിയതോടെ കഴിഞ്ഞ ജൂലൈയില്‍ ദേശീയപാത അധികൃതർ വിദഗ്ധസമിതിയെ നിയോഗിച്ച് സുരക്ഷാപരിശോധന നടത്തിയിരുന്നു. തുടർന്നാണ് കൂടുതല്‍ കാമറകള്‍ സ്ഥാപിച്ചത്. പാതയില്‍ ഓരോ രണ്ട് കിലോമീറ്ററുകള്‍ക്കുള്ളിലും എ.ഐ കാമറകളുണ്ട്. വാഹനങ്ങളുടെ ചിത്രവും നമ്ബർപ്ലേറ്റുകളും കാമറകള്‍ ചിത്രീകരിക്കും. ട്രാക്ക് തെറ്റിക്കുന്നതും തെറ്റായ ദിശയില്‍ വാഹനം ഓടിക്കുന്നതുമാണ് പാതയില്‍ കാണുന്ന മറ്റു പ്രധാന നിയമലംഘനങ്ങള്‍.