ന്യൂഡല്‍ഹി: രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നോണ്‍-വെജ് വിഭവങ്ങളുടെ വിതരണം നിർത്തിയതില്‍ വിശദീകരണവുമായി സൊമാറ്റോ.
വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉത്തരവിനെ തുടർന്നാണ് നോണ്‍-വെജ് വിതരണം നിർത്തിവച്ചതെന്നാണു വിശദീകരണം. ഉത്തർപ്രദേശ്, അസം, ചത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പില്‍ നോണ്‍ വെജ് വിതരണം നിർത്തിയത്.
ഒരു ‘എക്‌സ്’ യൂസറുടെ പോസ്റ്റിനു മറുപടിയായായിരുന്നു സൊമാറ്റോ കസ്റ്റമർ കെയർ വിഭാഗത്തിന്റെ വിശദീകരണം വന്നത്. ഭോപ്പാലില്‍ സൊമാറ്റോ ഇന്ന് ചിക്കൻ നല്‍കുന്നില്ലെന്നും ഇന്ന് മാംസവിഭവങ്ങള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് കമ്ബനിയുടെ തീരുമാനമുണ്ടാകുമെന്നുമായിരുന്നു യൂസറുടെ പോസ്റ്റ്. ഇതിനു സൊമാറ്റോ കെയർ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:
”ഉത്തർപ്രദേശ്, അസം, ചത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ സർക്കാർ ഉത്തരവ് പ്രകാരമാണ് ഞങ്ങള്‍ നോണ്‍-വെജ് ഇനങ്ങളുടെ വിതരണം നിർത്തിയത്. ഈ വിശദീകരണം തൃപ്തികരമാണെന്നു പ്രതീക്ഷിക്കുന്നു.”
അതേസമയം, ചത്തിസ്ഗഢില്‍ സ്വിഗ്ഗി ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ചിക്കൻ ബിരിയാണി ലഭ്യമായിരുന്നുവെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. താൻ ചിക്കൻ കഴിക്കാറില്ലെങ്കിലും ഏത് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സംഘ്പരിവാർ പ്രത്യയശാസ്ത്രത്തോടൊപ്പം നില്‍ക്കുന്നത് എന്ന് എല്ലാവർക്കും മനസിലാക്കാം എന്നു പറഞ്ഞ് സ്‌ക്രീൻഷോട്ട് സഹിതമായിരുന്നു ഇവരുടെ എക്‌സ് പോസ്റ്റ്. എന്നാല്‍, സ്വിഗ്ഗിയില്‍ ഓർഡർ ചെയ്തിരുന്നെങ്കിലും നോണ്‍-വെജ് ഇനങ്ങള്‍ ലഭ്യമല്ലെന്ന് പിന്നീട് ഡെലിവറി ബോയ് വിളിച്ചറിയിച്ചെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.
അയോധ്യയില്‍ നടക്കുന്ന ചടങ്ങിനെ പരിഗണിച്ചും സർക്കാർ ഉത്തരവ് മാനിച്ചുമാണ് നടപടിയെന്നായിരുന്നു ഇദ്ദേഹം വിശദീകരിച്ചത്. ജനുവരി 22ന് സംസ്ഥാനത്ത് മാംസ-മദ്യ ഷോപ്പുകള്‍ അടച്ചിടാൻ യു.പി ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര ഉത്തരവിട്ടിരുന്നു. മാംസ, കശാപ്പുശാലകള്‍ അടച്ചിടാൻ നേരത്തെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമയും ഉത്തരവിട്ടിരുന്നു.