ദില്ലി: രാജ്യത്തെ 225 ചെറു നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. പ്രതീക്ഷിച്ച ബിസിനസ് നടക്കാത്തതും കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കനത്ത നഷടം നേരിട്ടതുമാണ് തീരുമാനത്തിന് കാരണം. 356 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സൊമാറ്റോ വ്യക്തമാക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം. ഈ ചെറുനഗരങ്ങളില്‍ നിന്ന് 0.3 ശതമാനം ഓര്‍ഡര്‍ മാത്രമാണ് ലഭിക്കുന്നതെന്നാണ് സൊമാറ്റോ വിശദമാക്കുന്നത്.
ആയിരം നഗരങ്ങളിലേക്ക് സര്‍വ്വീസ് സൊമാറ്റോ നേരത്തെ വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ ഇവയില്‍ മിക്ക നഗരങ്ങളില്‍ നിന്നും മികച്ച പ്രതികരണമല്ല സൊമാറ്റോയ്ക്ക് ലഭിച്ചത്. ഒക്ടോബര്‍, ഡിസംബര്‍ മാസത്തെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചതിലും ഏറെ കുറവായിരുന്നു. ജൂലൈ മാസം മുതല്‍ സെപ്തംബര്‍ വരെ മികച്ച പ്രതികരണം സൊമാറ്റോയ്ക്ക് ലഭിച്ചിരുന്ന നഗരങ്ങളില്‍ പോലും മൂന്നാം പാദത്തിലെ നഷ്ടം വലുതായിരുന്നു. ആഗോള തലത്തില്‍ ടെക് സ്ഥാപനങ്ങളില്‍ വലിയ രീതിയില്‍ പിരിച്ച് വിടലുകള്‍ നടക്കുന്ന സമയത്ത് സൊമാറ്റോ വലിയ രീതിയിലും ആളുകളെ എടുത്തിരുന്നു. ഇതിനിടയിലാണ് 225 നഗരങ്ങളിലെ സേവനം സൊമാറ്റോ അവസാനിപ്പിച്ചത്.
സെപ്തംബർ പാദത്തിൽ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 429.6 കോടി രൂപയായിരുന്നു. വാർഷിക വരുമാനത്തിൽ ബില്യൺ ഡോളർ കടന്ന ആദ്യ പാദമാണിതെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം, വരുമാനം 1,024 കോടി രൂപയിൽ നിന്ന് 62.2 ശതമാനം വർധിച്ച് 1,661 കോടി രൂപയായി.
ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ 2 ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ഐടി മേഖലയില്‍ തൊഴില്‍ നഷ്ടമായിട്ടുള്ളത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോണ്‍ അടക്കമുള്ള സ്ഥാപനങ്ങളിലാണ് വലിയ രീതിയില്‍ പിരിച്ചുവിടല്‍ നടന്നത്. ഇതില്‍ മുപ്പത് മുതല്‍ 40 ശതമാനം വരെ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളാണ്. 2023 ജനുവരിയില്‍ മാത്രം 91000 പേര്‍ക്ക് ജോലി നഷ്ടമായെന്നും വരും മാസങ്ങളില്‍ ഇത് കൂടുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
246 കിലോമീറ്റര്‍ എക്സ്പ്രസ് വേ: ഇനി ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലെത്താം മൂന്നര മണിക്കൂറില്‍
ന്യൂഡല്‍ഹി: ഡല്‍ഹി – മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 12,150 കോടി രൂപ ചെലവഴിച്ചാണ് എക്സ്പ്രസ് വേ നിര്‍മിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 246 കിലോമീറ്റര്‍ ദൂരം വരുന്ന ഡല്‍ഹി ദൗസ ലാല്‍സോട്ട് സെക്ഷനാണ് കമ്മിഷന് ചെയ്യുന്നത്.ഇതോടെ ഡല്‍ഹിയില്‍ നിന്നു രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറില്‍ നിന്ന് മൂന്നര മണിക്കൂറായി കുറയും.
1,386 കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്ബോള്‍ ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ ആയിരിക്കും ഇത്. നിലവില്‍ എട്ടുവരിപ്പാതയായാണു നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും പിന്നീട് അത് 12 വരിപ്പാതയാക്കാനാകും.
അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഒരു ഹെലിപ്പോര്‍ട്ടും സജ്ജീകരിക്കുന്നുണ്ട്. 2018 ലാണ് പദ്ധതിയിട്ടതെങ്കിലും 2019 മാര്‍ച്ച് 9 നാണ് എക്സ്പ്രസ് വേയുടെ ആദ്യഘട്ടത്തിന് ശിലയിട്ടത്. 2024 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്.