ഏതൊരു മനുഷ്യനെയും അസൂയാവഹമായ വിധത്തില്‍ ചിന്തിപ്പിക്കുന്ന തരത്തിലുള്ള വളര്‍ച്ചയാണ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റേത്.
വെറും മുപ്പത്തിയൊന്നാം വയസില്‍ ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനും ഗായകനും ട്രെന്റ് സെറ്ററുമെല്ലാമാണ് അനിരുദ്ധ്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ ഇന്ന് അനിരുദ്ധിന്റെ ഗാനങ്ങള്‍ക്ക് ചുവടുവെക്കുകയും പാടി നടക്കുകയും ചെയ്യുന്നു. തൊട്ടതെല്ലാം പൊന്നാക്കുക എന്നത് അനിരുദ്ധിന്റെ കാര്യത്തില്‍ വളരെ കൃത്യമാണ്.
ചെറുപ്പം മുതല്‍ സംഗീതത്തോട് അതീവ താല്‍പര്യമുണ്ടായിരുന്ന അനിരുദ്ധിനെ ധനുഷാണ് സിനിമയിലേക്ക് കൂട്ടി കൊണ്ടുവരുന്നത്. പിന്നെ ധനുഷിന്റെ പ്രതീക്ഷകള്‍ക്കൊത്ത് അനിരുദ്ധ് വളര്‍ന്നു. സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ക്ക് അടക്കം അനിരുദ്ധ് നല്‍കിയ സംഗീതവും ബിജിഎമ്മും ഉള്‍പ്പെടെ ആരെയും ത്രസിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്നവയാണ്.
പടത്തിന്റെ ട്രെയിലറില്‍ നായകന്റെ ഇൻട്രോക്ക് പിറകെ അനിരുദ്ധ് മ്യസിക്കല്‍ എന്ന് കാണുമ്ബോള്‍ ഇപ്പോള്‍ രോമാഞ്ചവും ആകാംഷയുമാണ് ആരാധകര്‍ക്ക്. ജവാനിലൂടെ ബോളിവുഡിലേക്കും എത്തിയിരുന്നു അനിരുദ്ധിന്റെ ഖ്യാതി. അനി ചെയ്ത എല്ലാ ഗാനങ്ങളും ഹിറ്റും വൈറലുമാണ്.
എന്നാല്‍ വിജയ് സിനിമ ലിയോയുടെ റിലീസിന് ശേഷം വലിയ രീതിയില്‍ പരിഹാസങ്ങള്‍ അനിരുദ്ധ് എന്ന സംഗീത സംവിധായകൻ ഏറ്റുവാങ്ങുന്നുണ്ട്. ലിയോയില്‍ അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്ന ഓര്‍ഡിനറി പേഴ്സണ്‍ എന്ന പാട്ടിനെതിരെയാണ് കോപ്പിയടി ആരോപണം വന്നത്. ഒറ്റ്നിക്ക എന്ന സംഗീതജ്ഞന്റെ വെയര്‍ ആര്‍ യു എന്ന പാട്ടുമായി ഇതിന് സാമ്യമുണ്ടെന്നാണ് ആരോപണം.
വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. വിഷയത്തില്‍ പ്രതികരിച്ച് സംഗീതജ്ഞൻ ഒറ്റ്നിക്ക തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ‘ലിയോ സിനിമയിലെ പാട്ടുമായി ബന്ധപ്പെട്ട് നിരവധി പേര്‍ എനിക്ക് മെസേജുകള്‍ അയച്ചുകൊണ്ടേയിരിക്കുകയാണ്. മെയിലും മെസേജുമെല്ലാം ഞാൻ കാണുന്നുണ്ടെങ്കിലും അതിനൊന്നും മറുപടി പറയാൻ പറ്റിയ സാഹചര്യമല്ല ഇപ്പോള്‍.’
‘യുട്യൂബിലെ എന്റെ വെയര്‍ ആര്‍ യു എന്ന പാട്ടിനടിയിലും പല തരത്തിലുള്ള കമന്റുകള്‍ കണ്ടു. ഒന്നിനോടും ഇപ്പോള്‍ പ്രതികരിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ എനിക്കൊന്നിനെക്കുറിച്ചും വ്യക്തമായ ധാരണയില്ല. വിഷയത്തെക്കുറിച്ചു വിലയിരുത്തല്‍ നടത്തിയ ശേഷം ഞാൻ പ്രതികരിക്കുന്നതായിരിക്കും. ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല’, എന്നാണ് ഒറ്റ്നിക്ക കുറിച്ചത്.
അതേസമയം സിനിമ നിരൂപണത്തിലൂടെ ശ്രദ്ധനേടിയ യുട്യൂര്‍ ബ്യൂ സട്ടൈ മാരനും അനിരുദ്ധിനെ പരിഹസിച്ചും കുറ്റപ്പെടുത്തിയും എത്തി. റോക്ക് സ്റ്റാര്‍ എന്നത് മാറ്റി അനിരുദ്ധിനെ ഇനി മുതല്‍ റോബറി സ്റ്റാറെന്ന് വിളിക്കുന്നതാണ് നല്ലതെന്നാണ് ബ്ലു സട്ടൈ മാരൻ എക്സില്‍ കുറിച്ചത്. ‘വിദേശ സംഗീതം മോഷ്ടിക്കുന്നത് ലജ്ജാകരമാണ്… എന്നിട്ടും അയാള്‍ ഇപ്പോഴും അറിയപ്പെടുന്നത് റോക്ക് സ്റ്റാറെന്നാണ്. ഇനി റോബറി സ്റ്റാറെന്ന് മാറ്റാവുന്നതാണ്.’
‘ഇതെല്ലാം ഒരു ജീവിതമാണോ..? കുറച്ച് കാലം മുമ്ബ് ആരോ പറഞ്ഞു… ഇളയരാജയും റഹ്മാനും ഇടകലര്‍ന്ന ആളാണ് അനിരുദ്ധ് എന്ന്…’, എന്നാണ് ബ്യു സട്ടൈ മാരൻ കുറിച്ചത്. അനിരുദ്ധിനെ പരിഹസിച്ച് ബ്യു സട്ടൈ മാരൻ എത്തിയതോടെ ആരാധകരുടെ കൂട്ട ആക്രമണമാണ് എക്സില്‍ ബ്ലു സട്ടൈ മാരന് എതിരെ നടക്കുന്നത്.
2019ലാണ് ഒറ്റ്നിക്കയുടെ വെയര്‍ ആര്‍ യു യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. നിലവില്‍ 61 മില്യൻ പ്രേക്ഷകരെയാണ് പാട്ട് നേടിയിരിക്കുന്നത്. ഹെയ്സൻബര്‍ഗാണ് ലിയോയിലെ ഓര്‍ഡിനറി പേഴ്സണ്‍ പാട്ടിന് വരികള്‍ കുറിച്ചത്. നിഖിത ഗാന്ധിയാണ് ഗാനം ആലപിച്ചത്. ഓര്‍ഡിനറി പേഴ്സണ്‍ കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുമ്ബോഴും പാട്ട് യൂട്യൂബില്‍ തരംഗമാണ്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ലിയോ ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ്.