കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറി വീഡിയോ പകര്‍ത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത്.
താന്‍ 24 മണിക്കൂറിലധികം വിമാനത്താവളത്തിനുള്ളില്‍ കഴിഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പല മേഖലകളിലേക്കും കടന്നുവെന്നും വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12.10ന് ചെന്നൈയിലേക്കുള്ള വിമാനത്തിനുള്ള ടിക്കറ്റുമായി വികാസ് ഗൗഡ വിമാനത്താവളത്തില്‍ പ്രവേശിച്ചു.
സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി ബോര്‍ഡിംഗ് ലോഞ്ചിലേക്ക് പോയെങ്കിലും വികാസ് മനഃപൂര്‍വം വിമാനത്തില്‍ കയറാതെ മറ്റ് സ്ഥലങ്ങളിലേക്ക് അതിക്രമിച്ച് കയറി മൊബൈലില്‍ ഒരു സെല്‍ഫി വീഡിയോ പകര്‍ത്തുകയായിരുന്നു.
അതില്‍, താന്‍ ഒരു ദിവസം മുഴുവന്‍ വിമാനത്താവളത്തിനുള്ളില്‍ ഉണ്ടായിരുന്നെന്നും പറയുന്നുണ്ട്. പിന്നീട് വീഡിയോ ഏപ്രില്‍ 12ന് അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലാവുകയും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതേസമയം, അന്വേഷണത്തില്‍ വികാസ് ഗൗഡ എയര്‍പോര്‍ട്ടിനുള്ളില്‍ ആറ് മണിക്കൂറോളം ചെലവഴിച്ചെന്ന് കണ്ടെത്തി.