സുല്‍ത്താന്‍ബത്തേരി: നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേരെ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി സ്‌കൂക്കുന്ന് സ്വദേശിയായ പാലത്തി വീട്ടില്‍ ജുനൈസ് (32), കുപ്പാടി മൂന്നാംമൈല്‍ സ്വദേശി തയ്യില്‍ വീട്ടില്‍ മുഹമ്മദ് മകന്‍ സുബീര്‍ (26) എന്നിവരെയാണ് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് ബത്തേരി എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനക്കിടെ അറസ്റ്റ് ചെയ്തത്.
മാരുതി കാറില്‍ കടത്തുകയായിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി. പ്രതികള്‍ സ്ഥിരമായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ ബൈരക്കുപ്പ വഴി കഞ്ചാവ് കേരളത്തിലെത്തിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ വലിയ അളവില്‍ എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി ബത്തേരി ടൗണിലും പരിസരത്തും ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു പ്രതികള്‍.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 30000 രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിയിലായവര്‍ മുമ്പും വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ്. ജുനൈസ് സുല്‍ത്താന്‍ബത്തേരി, അമ്പലവയല്‍ പോലീസ് സ്‌റ്റേഷനുകളില്‍ ചന്ദനക്കടത്ത് കേസിലും, അടിപിടി കേസിലും. പ്രതിയാണ്. സുബിര്‍ എന്ന പ്രതിക്കെതിരെ കഞ്ചാവ് കടത്ത്, അടിപിടി എന്നിവയില്‍ കേസുകളുണ്ടായിരുന്നു.
രണ്ട് പ്രതികളെയും കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷണം നടത്താനാണ് എക്‌സൈസ് സംഘത്തിന്റെ ആലോചന. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ പി.കെ. മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ഇ.ബി. ശിവന്‍. എം.എം. ബിനു. ഡ്രൈവര്‍ എന്‍.എം. അന്‍വര്‍ സാദാത്ത് എന്നിവരാണ് പ്രതികളെ വലയിലാക്കിയത്.
കൊവിഡ് ; കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിംഗ്, ചികിത്സ, വാക്‌സിനേഷന്‍ എന്നീ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
രാജ്യത്ത് ഇന്ന് പുതിയതായി 426 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട കത്ത് കൈമാറിയിരിക്കുന്നത്. പുതിയ കൊവിഡ് കണക്കുകള്‍ കൂടി വന്നതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4623 ആയി.
കൂടുതല്‍ കേസുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പ്രാദേശിക തലത്തില്‍ തന്നെ ചില രോഗനിയന്ത്രണ, ട്രാക്കിംഗ് മാനദണ്ഡങ്ങള്‍ ഈ സംസ്ഥാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.