കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് 89 ഗ്രാം എം.ഡി എം.എയുമായി പിടിയിലായ കുണ്ടായിത്തോട് തോണിച്ചിറ സ്വദേശി കരിമ്ബാടൻ കോളനിയില്‍ കെ.അജിത്ത് (22) ലഹരി മാഫിയയിലെ പ്രധാന കണ്ണി. നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ആർ. ജഗ്മോഹൻ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് വില്‍പനക്കായി കൊണ്ടുവന്ന എം.ഡി.എം.എ സഹിതം അജിത്തിനെ പിടികൂടിയത്.ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അജിത്ത്.
ബംഗളൂരുവില്‍നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് ഫറോക്ക്, കുണ്ടായിത്തോട് ഭാഗങ്ങളില്‍ വെച്ചാണ് വില്‍പന നടത്തുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് ബംഗളൂരുവില്‍ വിദ്യാഭ്യാസത്തിനായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് അവർക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന രീതിയും ഉണ്ട്.പിടിക്കപ്പെടാതിരിക്കാൻ വാട്സ്‌ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. ഡാൻസാഫിന്റെ നേതൃത്വത്തില്‍ ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ പൊലീസ്, ലഹരി മരുന്നുമായി ബംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ കോഴിക്കോട് പുതിയ സ്റ്റാൻഡില്‍ വന്നിറങ്ങിയപ്പോഴാണ് പിടികൂടിയത്.
പിടികൂടിയ ലഹരി മരുന്നിന് ചില്ലറ വിപണിയില്‍ മൂന്നര ലക്ഷം രൂപ വില വരും. അജിത്തിന്റെ ലഹരി ഉപയോഗം കാരണം എൻജിനീയറിങ് ഡിപ്ലോമ വിദ്യാഭ്യാസം പാതിവഴിയില്‍ നിർത്തുകയും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനായി ലഹരി വില്‍പനയിലേക്ക് മാറുകയുമായിരുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന പണംകൊണ്ട് ഗോവയിലും ബംഗളൂരുവിലും പോയി നിശാ പാർട്ടികളില്‍ പങ്കെടുത്ത് ആർഭാട ജീവിതം നയിച്ചുവരുകയായിരുന്നു അജിത്ത്.
ഡാൻസാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത്, കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മുസ്സേൻ വീട്, കെ. അഖിലേഷ്, സുനോജ് കാരയില്‍, എം.കെ. ലതീഷ്, പി.കെ. സരുണ്‍ കുമാർ, എം. ഷിനോജ്, എൻ.കെ. ശ്രീശാന്ത്, പി. അഭിജിത്ത്, ഇ.വി. അതുല്‍, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, കസബ സ്റ്റേഷനിലെ എസ്.ഐ മാരായ സജിത്ത്മോൻ, എം.ജെ. ബെന്നി, സി.പി.ഒ മുഹമ്മദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.