ബെംഗളൂരുവിലെ ഒരു ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെയുണ്ടായ അസ്വസ്ഥത നിറഞ്ഞ അനുഭവം പങ്കുവച്ച് റെഡ്ഡിറ്റ് യൂസർ. തന്റെ 10 മിനിറ്റ് നേരത്തെ യാത്ര അവസാനം ഒരു പരീക്ഷണമായി മാറി എന്നാണ് പോസ്റ്റിൽ പറയുന്നത്. യാത്രയിലുടനീളവും ഡ്രൈവർ തന്റെ കണ്ണുകളോ കയ്യോ ഫോണിൽ നിന്നും എടുത്തില്ല എന്നും പോസ്റ്റിൽ പറയുന്നു.ഡ്രൈവ് ചെയ്യുമ്പോൾ അവർക്ക് അവരുടെ ഫോൺ താഴെവച്ചുകൂടേ എന്ന ചോദ്യവുമായിട്ടാണ് ബെംഗളൂരുവിൽ നിന്നുള്ള യുവാവ് അനുഭവം പങ്കിട്ടിരിക്കുന്നത്. നഗരത്തിൽ ഓട്ടോയിൽ പോകുമ്പോഴുണ്ടായ സമാനമായ അനുഭവത്തെ കുറിച്ചും പലരും പറഞ്ഞു.
പോസ്റ്റിൽ പറയുന്നതനുസരിച്ച്, യുവാവിന് അത്യാവശ്യമായി ഒരു കോൾ ഉണ്ടായിരുന്നു. അങ്ങനെ 20 മിനിറ്റിനുള്ളിൽ അത്യാവശ്യമായി എത്താൻ വേണ്ടിയാണ് യൂബർ ആപ്പിൽ ഒരു ഓട്ടോ ബുക്ക് ചെയ്തത്. ഓഫീസിലേക്ക് ചെറിയ ദൂരമേ ഉണ്ടായിരുന്നുള്ളൂ. അടുത്തായിരുന്നതിനാൽ തന്നെ പെട്ടെന്ന് എത്തും എന്നായിരുന്നു യുവാവിന്റെ പ്രതീക്ഷ. എന്നാൽ ഓട്ടോയിൽ കയറിയതോടെയുണ്ടായ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു.ഓട്ടോയിൽ കയറിയ ഉടനെ ഡ്രൈവർ മാപ്പ് മിനിമൈസ് ചെയ്തിട്ടു. അയാൾക്ക് വഴി കൃത്യമായി അറിയുന്നതുകൊണ്ടാവും എന്നാണ് ഞാൻ കരുതിയത്. എന്നാൽ, എന്നെ അമ്പരപ്പിച്ചുകൊണ്ട് അയാൾ ഇൻസ്റ്റഗ്രാം തുറന്നു.
പിന്നാലെ ഒരു കൈകൊണ്ട് വണ്ടിയോടിച്ചുകൊണ്ട് സ്ക്രോൾ ചെയ്ത് തുടങ്ങി എന്നാണ് പോസ്റ്റിൽ പറയുന്നത്.നടി ശ്രീലീലയുടെ ഒരു പോസ്റ്റ് ഡ്രൈവർ കണ്ടതോടെ സ്ഥിതി പിന്നെയും വഷളായി. മെയിൻ റോഡിൽ നടുക്ക് വച്ച് അയാൾ ഓട്ടോയുടെ വേഗത കുറച്ചു. അവരുടെ പ്രൊഫൈൽ തുറന്ന് അത് സ്ക്രോൾ ചെയ്യാൻ തുടങ്ങി. എനിക്ക് ദേഷ്യം വന്നു. നിസ്സഹായത തോന്നി എന്നും യുവാവ് കുറിച്ചിരിക്കുന്നത് കാണാം.വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. റോഡിൽ വച്ച് ഇൻഡിക്കേറ്റർ പോലുമിടാതെ നിരവധി ഓട്ടോ ഡ്രൈവർമാർ പെട്ടെന്ന് വണ്ടി നിർത്തുന്നത് കണ്ടിട്ടുണ്ട്. നോക്കുമ്പോൾ അവർ തങ്ങളുടെ ഫോൺ നോക്കുകയായിരിക്കും എന്നായിരുന്നു ഒരാളുടെ കമന്റ്. അതുപോലെ, ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്ന ഡ്രൈവർമാരെ കുറിച്ചും പലരും കമന്റുകൾ പങ്കുവച്ചു.