ബെംഗളൂരു: കൊരട്ടഗരെ താലൂക്കിലെ തിമ്മസാന്ദ്രയ്ക്ക് സമീപമുള്ള ഗോകുല തടാകത്തില്‍ 20 വയസ്സുള്ള യുവാവ് മുങ്ങിമരിച്ചു.സഹോദരനും സുഹൃത്തുക്കളുമൊത്ത് തടാകത്തില്‍ നീന്താൻ പോയപ്പോഴാണ് സംഭവം. വമചഹള്ളി സ്വദേശി ഹനുമന്ത് രായപ്പയുടെ മകൻ ഹേമന്ദ് കുമാറാണ് മരിച്ചത്. ദാവാസ്പേട്ടിനടുത്തുള്ള നോവണ്ട ഇൻഡസ്ട്രിയല്‍ ഏരിയയിലെ ഒരു സോളാർ ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ്.പോലീസ് പറയുന്നതനുസരിച്ച്, ഉച്ചയ്ക്ക് 2 മണിക്ക് ഫാക്ടറി ഷിഫ്റ്റില്‍ ഹാജരാകേണ്ടതായിരുന്നു ഹേമന്ത്.
എന്നാല്‍ പകരം സഹോദരനും സുഹൃത്തുക്കളുമൊത്ത് തടാകത്തില്‍ നീന്താൻ പോയി. നീന്തുന്നതിനിടെ ഹേമന്ത് തടാകത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ശ്രമിച്ചെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കൊളാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരായ സിപിഐ അനില്‍, പിഎസ്‌ഐ അഭിഷേക്, പിഎസ്‌ഐ യോഗേഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി.
അഴുകിയ ഇറച്ചി,ചീമുട്ട; ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് സെന്ററില്‍ കണ്ടെത്തിയത്
വന്ദേഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന കാറ്ററിങ് സെന്ററില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി.കോർപ്പറേഷന്റെ ലൈസൻസില്ലാതെ എറണാകുളം കടവന്ത്രയില്‍ പ്രവർത്തിച്ച സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. അഴുകിയ ഇറച്ചിയും ചീ മുട്ടയും അടക്കം ചീഞ്ഞളിഞ്ഞതും വൃത്തിഹീനവുമായ നിലയില്‍ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി.സ്ഥാപനത്തെതിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. സമീപത്തെ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സമീപവാസികളാണ് പരാതി നല്‍കിയിരുന്നത്.
അന്ന് കോർപ്പറേഷൻ അധികൃതർ പിഴ ചുമത്തുകയായിരുന്നു. തുടർന്ന് ലൈസൻസ് എടുക്കുന്നതിന് രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. എന്നാല്‍ ഇതുവരെ ലൈസൻസ് എടുത്തിട്ടില്ല. ആരുടേതാണ് ഈ സ്ഥാപനമെന്നതും കോർപ്പറേഷൻ അധികൃതർക്ക് അറിയില്ല.രൂക്ഷ ഗന്ധം ഉയർന്നതിനെ തുടർന്ന് വീണ്ടും സമീപവാസികള്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കാലാവധി കഴിഞ്ഞ മാംസം അടക്കമുള്ളവയാണ് പിടികൂടിയത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലും ഇവിടെ ജോലിക്കാരായി ഉണ്ടായിരുന്നത്.അടച്ചുപൂട്ടി സീല്‍ ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. സ്ഥാപനം ആരംഭിച്ചിട്ട് ഒരു വർഷത്തില്‍ താഴെ മാത്രമേ ആയിട്ടേയുള്ളൂവെന്നാണ് വിവരം. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന പായ്ക്കറ്റുകള്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. അതേസമയം റെയില്‍വേ അധികൃതരില്‍നിന്ന് ഇതുസംബന്ധിച്ച് വിശദീകരണം ലഭ്യമായിട്ടില്ല.