ജിമ്മില്‍ വ്യായാമം ചെയ്തതിന് ശേഷം വെള്ളം കുടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37കാരനായ മിലിന്ദ് കുല്‍ക്കര്‍ണിയാണ് മരിച്ചത്.ഇന്നലെ രാവിലെ പൂനെയിലെ പിംപ്രി – ചിഞ്ച്വാഡിലുള്ള ഒരു ജിമ്മിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യായാമത്തിന് പിന്നാലെ വെള്ളം കുടിക്കുന്നതും കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജിമ്മിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് മിലിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മിലിന്ദിന് 60 മുതല്‍ 70 ശതമാനം വരെ ബ്ലോക്കുകള്‍ ഉണ്ടായിരുന്നെന്നും ഇതു കണ്ടെത്താനാകാതെ പോയതാകാമെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ വൈസിഎംഎച്ച് ആശുപത്രിയിലെ ഡീന്‍ ഡോ.രാജേന്ദ്ര വേബിള്‍ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി മിലിന്ദ് കുല്‍ക്കര്‍ണി ജിമ്മില്‍ പോകുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്.സമാനമായ സംഭവം കഴിഞ്ഞ ദിവസം കൊച്ചിയിലും നടന്നു. മുളന്തുരുത്തി പെരുമ്ബിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് വ്യായാമത്തിനിടെ ജിമ്മില്‍ കുഴഞ്ഞുവീണ് മരിച്ചത്.
20 മിനിട്ടോളം തറയില്‍ കിടന്ന രാജിനെ പിന്നീട് ജിമ്മിലെത്തിയവരാണ് കണ്ടത്. ഉടന്‍ സിപിആര്‍ നല്‍കി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അടുത്തിടെയായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ശരിയായ അളവില്‍ പോഷകാഹാരങ്ങള്‍ ലഭിക്കാത്തത്, ഉറക്കമില്ലായ്മ, അമിതമായ ഉത്കണ്ഠ തുടങ്ങിയവയാകാം ഇതിന് കാരണമെന്നാണ് പല ഫിറ്റ്നസ് ട്രെയിനര്‍മാരും പറയുന്നത്. എന്നാല്‍, കോവിഡ് വാക്സിന്‍ എടുത്തതിന് ശേഷമാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതെന്ന സംശയങ്ങള്‍ സമൂഹത്തില്‍ ഉയരുന്നുണ്ട്. എന്നാല്‍, ഇത് ആരോഗ്യവിദഗ്ദ്ധരോ മറ്റുള്ളവരോ സ്ഥിരീകരിച്ചിട്ടില്ല