കർണാടകയിലെ ബെംഗളൂരുവില്‍ മദ്യ ലഹരിയില്‍ ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച 29 കാരൻ അറസ്റ്റില്‍.ഇന്ദിരാനഗറില്‍ വ്യാഴാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ച യുവാവ് പൊലീസ് ഉദ്യോഗസ്ഥയ്ക്കുനേരെ ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്.പബ്ബിന് സമീപത്തായി പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ബന്നാർഘട്ട റോഡിലെ അക്ഷയനഗർ എന്ന സ്ഥലത്ത് താമസിക്കുന്ന ആദിത്യ അഗർവാള്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
എസ്.ഐ കവിത ഡി. ആല്‍ക്കോമീറ്റർ പരിശോധനയ്ക്ക് വിധേയനാകാൻ ആവശ്യപ്പെട്ടതോടെയാണ് യുവാവ് പ്രകോപിതനായത്.പൊലീസ് ഉദ്യോഗസ്ഥയുടെ നിർദേശം അവഗണിച്ച ഇയാള്‍, ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിച്ചാല്‍ മതിയെന്ന് ആക്രോശിച്ചുകൊണ്ട് അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു എന്നാണ് വിവരം. പൊതുജനങ്ങളുടെ മുന്നില്‍വച്ച് കന്നഡ ഭാഷയെയും പൊലീസ് ഉദ്യോഗസ്ഥരെയും അപമാനിച്ചുവെന്നാണ് പരാതിയിലെ ആരോപണം.സംഭവത്തില്‍, ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 352, 351, 132 തുടങ്ങിയ വകുപ്പുകളടക്കം കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ബെംഗളൂരു സിറ്റി പൊലീസ് എക്സില്‍ പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.