അന്യ സംസ്ഥാനത്ത് നിന്നും വൻ തോതില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍.കൊല്ലം തൊടിയൂർ സ്വദേശി അനന്തു (27) ആണ് കരുനാഗപ്പള്ളിയില്‍ പിടിയിലായത്. 227 ഗ്രാം എംഡിഎംഎയാണ് യുവാവില്‍ നിന്നും എക്സൈസ് പിടിച്ചെടുത്തത്. കൊല്ലം ജില്ലയില്‍ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള രാസലഹരി കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ബെംഗളുരുവില്‍ നിന്ന് വൻ തോതില്‍ എംഡിഎംഎ കൊല്ലത്ത് എത്തിച്ച് വില്‍പ്പന നടത്തുന്ന മൊത്ത വിതരണക്കാരനാണ് പിടിയിലായ അനന്തു എന്നാണ് എക്സൈസ് പറയുന്നത്.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തില്‍ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ മനു, സിവില്‍ എക്സൈസ് ഓഫീസർമാരായ അജിത്ത്, അനീഷ്, ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, സൂരജ്, നിജി എന്നിവരും പങ്കെടുത്തു.