പറവൂര്‍: യുവദമ്ബതികളെയും നാല് വയസുള്ള മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്ബുവീട്ടില്‍ പരേതനായ മുരളീധരന്റെയും ലതയുടെയും മകന്‍ വി.എം.സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (31), മകന്‍ ആരവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
ഫാനില്‍ തൂങ്ങിയ നിലയിലാണ് ഡൈനിംഗ് ഹാളില്‍ സുനിലിന്റെയും ബെഡ്റൂമില്‍ കൃഷ്ണേന്ദുവിന്റെയും മൃതദേഹങ്ങള്‍ കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. ഇന്ന് സുനില്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം.
രണ്ടുദിവസം മുമ്ബ് ദമ്ബതികള്‍ ഭാര്യയുടെ പച്ചാളത്തുള്ള വീട്ടിലേക്ക് പോയപ്പോള്‍ അമ്മയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടിലാക്കിയിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് തിരിച്ചെത്തിയത്. ഇന്നലെ കൂട്ടിക്കൊണ്ടുവരാനെത്തുമെന്ന് രാത്രിതന്നെ സുനില്‍ അമ്മയെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് അമ്മ ഇരുവരെയും വിളിച്ചിട്ടും ഫോണെടുത്തില്ല. അമ്മാവനും നടനുമായ കെ.പി.എ.സി സജീവ് വൈകിട്ട് നാലരയോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മുന്‍വാതില്‍ കുറ്റിയിട്ടിരുന്നില്ല.
അബുദാബിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഫ്രാഞ്ചൈസി സ്ഥാപനം നടത്തുന്ന സുനില്‍ നാലുമാസം മുമ്ബാണ് നാട്ടിലെത്തിയത്. ഓണം കഴിഞ്ഞ് ഉടന്‍ മടങ്ങാന്‍ ശ്രമിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് പോകാനുള്ള ടിക്കറ്റാണ് ലഭിച്ചത്.
സാമ്ബത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങളില്ലെന്നാണ് സൂചന. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാടുകളുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫൊറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തി. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. വിദേശത്തുള്ള ഏക സഹോദരന്‍ മിഥുന്‍ ഇന്ന് രാവിലെ നാട്ടിലെത്തും.