ബെംഗളൂരു: മെട്രോയില്‍ നിന്ന് ഇറങ്ങി ബെംഗളൂരുവിലെ നഗരത്തിരക്കില്‍ റോഡ് ക്രോസ് ചെയ്യുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.പ്രത്യേകിച്ച് വൈറ്റ്ഫീല്‍ഡിലെ ഐടിപിഎല്‍ ടെക് പാര്‍ക്കിലേക്കു പോകുന്ന ഐടി പ്രൊഫഷണലുകള്‍ക്ക്. ഇവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് വൈറ്റ്ഫീല്‍ഡിലെ പുതിയ സ്കൈവാക്ക്. മെട്രോ സ്റ്റേഷനില്‍ നിന്ന് നേരിട്ട് ഐടി പാര്‍ക്കിനുള്ളിലേക്ക് നടന്നെത്താം. ബെംഗളൂരു നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിന്റെ ഭാഗമായ സ്കൈവാക്ക് നാളെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.ബെംഗളൂരു നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ പട്ടന്തൂര് അഗ്രഹാര മെട്രോ സ്റ്റേഷനെയും ഐടിപിഎല്‍ ടെക് പാര്‍ക്കിനെയും തമ്മില്‍ നേരെ ബന്ധിപ്പിക്കുന്നതാണ് പുതിയ സ്കൈവാക്ക്. ഐടി ജീവനക്കാര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത്.സ്കൈ വാക്ക് വരുമ്പോള്‍ റോഡ് മുറിച്ചുകടക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. തിരക്കേറിയ വൈറ്റ്ഫീല്‍ഡ് റോഡുകളിലെ ട്രാഫിക് ബ്ലോക്കിലും സിഗ്നലുകളിലും കുടുങ്ങാതെ മെട്രോ സ്റ്റേഷനില്‍ നിന്ന് നേരിട്ട് ഐടി പാര്‍ക്കിനുള്ളിലേക്ക് നടന്നെത്താം. പ്രതിദിനം 55,000-ത്തോളം യാത്രക്കാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടും. പൊതുജനങ്ങള്‍ക്കും ഇതു പ്രയോജനപ്പെടുത്താം.ഗതാഗതക്കുരുക്ക് രൂക്ഷമായ റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകട സാധ്യത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൈവാക്ക് നിര്‍മിച്ചിരിക്കുന്നത്.
ഇതിലൂടെ സുരക്ഷിതമായ കാല്‍നട യാത്ര ഉറപ്പാക്കാം. മെട്രോയില്‍ നിന്നിറങ്ങി ഓഫീസുകളിലേക്ക് എത്താനുള്ള ബുദ്ധിമുട്ടും ഇതോടെ പരിഹരിക്കപ്പെടും. റോഡ് മുറിച്ചു കടക്കുന്നത് ഒഴിവാക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് 10 മിനിറ്റെങ്കിലും ലാഭിക്കാന്‍ കഴിയും. ഐടി ജീവനക്കാര്‍ക്ക് വേഗത്തില്‍ ഓഫീസില്‍ എത്താം.ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനും ഐടിപിഎല്ലും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ഈ സ്കൈവാക്ക് നിര്‍മ്മിച്ചത്. ഐടിപിഎല്‍ തന്നെയാണ് ഇതിന്റെ നിര്‍മ്മാണച്ചെലവ് വഹിച്ചത്. കോലാര്‍, ചിക്കബെല്ലാപ്പൂര് തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്ന് മെട്രോ വഴി എത്തുന്നവര്‍ക്കും ഇത് വലിയ സഹായമാകും. നാളെ വൈകുന്നേരത്തോടെ സ്കൈവാക്ക് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നാണ് മെട്രോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഐടിപിബി കാമ്പസിനുള്ളില്‍ തന്നെയുള്ള പാര്‍ക്ക് സ്ക്വയര്‍ മാളിനെയും സ്കൈവാക്ക് ബന്ധിപ്പിക്കുന്നുണ്ട്.ബെംഗളൂരുവിലെ ഏറ്റവും പഴക്കമേറിയ ഐടി പാര്‍ക്കുകളിലൊന്നാണ് ഐടിപിബി. 69 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്കില്‍ ടിസിഎസ്, ഒറാക്കിള്‍, ജനറല്‍ മോട്ടോഴ്സ്, സിംഗപ്പൂര്‍ ടെലികോം തുടങ്ങി 140-ലേറെ ടെക് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.