ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ യാത്രക്കാർക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ ഫ്ലൈബസ് ആരംഭിച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്‌ആർടിസി).ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും ദാവന്‍ഗരെയ്ക്കും ഇടയിലാണ് സർവീസ്.കെഎസ്‌ആർടിസിയുടെ ഫ്ലൈബസ് സർവീസ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ മൈസൂരു, മംഗളൂരു, മടിക്കേരി, മണിപ്പാല്‍, ഉഡുപ്പി, കുന്ദാപുര തുടങ്ങിയ കർണാടകയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കും. നിലവില്‍ കെഎസ്‌ആർടിസിയുടെ 13 ഫ്ലൈബസ് റൂട്ടുകളില്‍ പ്രതിദിനം 44 ട്രിപ്പുകള്‍ നടത്തുന്നുണ്ട്. ഇത് വിമാനത്താവള യാത്രക്കാർക്ക് കൂടുതല്‍ പ്രാദേശിക കണക്റ്റിവിറ്റി നല്‍കുകയും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.യാത്രക്കാർക്ക് മികച്ച അനുഭവം നല്‍കാനും സംസ്ഥാനത്തിൻ്റെ പ്രമുഖ ബ്രാൻഡായ നന്ദിനിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സർവീസ് തുടങ്ങിയതെന്ന് അധികൃതർ അറിയിച്ചു. പുതിയ ഫ്ലൈബസ് സർവീസ് എല്ലാ ദിവസവും രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12.45നും ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. വോള്‍വോ സീറ്റർ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏകദേശം അഞ്ച് മണിക്കൂർ യാത്രാ ദൈർഘ്യമുള്ള ഈ ബസ് സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡ്, ദൊഡ്ഡബല്ലാപൂർ ബൈപാസ്, ദൊബ്ബെത്, തുമകുരു ബൈപാസ്, ചിത്രദുർഗ ബൈപാസ് എന്നിവിടങ്ങളിലൂടെ കടന്നുപോകും.
ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ദാവന്‍ഗരെയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,250 രൂപയാണ്. ചിത്രദുർഗയിലേക്ക് 980 രൂപയും തുമകുരുവിലേക്ക് 400 രൂപയും നല്‍കണം. കെഎസ്‌ആർടിസിയുടെ ഫ്ലൈബസ് സർവീസില്‍ യാത്ര ചെയ്യുന്നവർക്ക് നന്ദിനി ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗജന്യ ലഘുഭക്ഷണ കിറ്റുകള്‍ ലഭിക്കും. കർണാടക മില്‍ക്ക് ഫെഡറേഷന്റെ (KMF) പ്രധാന ബ്രാൻഡാണ് നന്ദിനി. ബസിലെ യാത്രക്കാർക്ക് വിമാന യാത്രക്ക് സമാനമായ അനുഭവം നല്‍കാനും സംസ്ഥാനത്തിൻ്റെ പ്രിയപ്പെട്ട നന്ദിനി ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഈ സൗജന്യം ഏർപ്പെടുത്തിയിരിക്കുന്നത്.യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും പ്രീമിയം ഇൻ്റർസിറ്റി എയർപോർട്ട് ഷട്ടില്‍ സർവീസില്‍ വിമാനയാത്രക്ക് സമാനമായ അനുഭവം നല്‍കാനുമുള്ള കോർപറേഷന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ, സംസ്ഥാനത്തിൻ്റെ പ്രശസ്തമായ നന്ദിനി ബ്രാൻഡിനെ അതിൻ്റെ പാല്‍ അധിഷ്ഠിത ലഘുഭക്ഷണങ്ങളും പാനീയങ്ങളും പ്രദർശിപ്പിച്ച് പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നുണ്ട്.നേരത്തെ കെഎസ്‌ആർടിസി തങ്ങളുടെ പ്രീമിയം ബസുകളില്‍ സൗജന്യമായി കുപ്പിവെള്ളം നല്‍കിയിരുന്നു. എന്നാല്‍, 2019 ഒക്ടോബറില്‍, മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം നിർത്തലാക്കി. ഇത് കോർപറേഷന്റെ സുസ്ഥിരതാ സംരംഭങ്ങളുടെ ഭാഗമായിരുന്നു.