അതിവേഗം വളരുന്ന നഗരത്തിനായി ആസൂത്രണം ചെയ്തിട്ടുള്ള ഒട്ടേറെ വികസന പദ്ധതികൾ പുതുവർഷത്തിൽ പ്രതീക്ഷയേകുന്നു.നിർമാണം തുടങ്ങി 7 വർഷമായ ഈജിപുര മേൽപാലം 2026ൽ തുറക്കുന്നതു കാത്തിരിക്കുകയാണു നഗരവാസികൾ. ദീപാഞ്ജലിനഗർ-നൈസ് റോഡ് ലിങ്ക് റോഡ് പുതുവർഷാരംഭത്തിൽത്തന്നെ തുറക്കും. ഇതോടൊപ്പം ഹെബ്ബാൾ – സിൽക്ക് ബോർഡ് തുരങ്കപ്പാത,ബെംഗളൂരു വ്യവസായ ഇടനാഴി, വിവിധ മേൽപാലങ്ങൾ തുടങ്ങിയ പദ്ധതികൾക്കും വേഗം കൈവരുമെന്നാണു കരുതുന്നത്.അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പു നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണു ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി.കേന്ദ്രീയ സദൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, സെന്റ് ജോൺസ് മെഡിക്കൽ കോളജ് എന്നീ സ്ഥാപനങ്ങളുടെ 7000 ചതുരശ്ര മീറ്റർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
ഈജിപുര ശ്രീനിവാഗിലു ജംക്‌ഷനിൽ സർവീസ് റോഡ് വീതി കൂട്ടുന്നതിന് 230 ചതുരശ്ര അടി സ്വകാര്യ ഭൂമിയും ഏറ്റെടുക്കണം. സോണി വേൾഡ് സിഗ്നൽ ഭാഗത്ത് മേൽപാലത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. മേൽപാലം യാഥാർഥ്യമാകുന്നതോടെ 100 ഫീറ്റ് റോഡിൽ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ജംക്‌ഷൻ ഭാഗത്തുനിന്നു സോണി വേൾഡ് സിഗ്നലിലെയും ഈജിപുര സിഗ്നലിലെയും തിരക്ക് ഒഴിവാക്കി.ഡൊംളൂർ, ഇന്ദിരാനഗർ ഭാഗത്തേക്കു കുതിക്കാം. 2017ലാണ് മേൽപാല നിർമാണം ആരംഭിച്ചത്.