Home Featured പരാതി പറയാനെത്തിയ കുട്ടിയോട് ലൈംഗികാതിക്രമം കാട്ടി, കുറ്റം മറച്ചുവെക്കാൻ പണം വാഗ്ദാനം; യെദിയൂരപ്പക്കെതിരെ ഗുരുതരമായ വകുപ്പുകള്‍

പരാതി പറയാനെത്തിയ കുട്ടിയോട് ലൈംഗികാതിക്രമം കാട്ടി, കുറ്റം മറച്ചുവെക്കാൻ പണം വാഗ്ദാനം; യെദിയൂരപ്പക്കെതിരെ ഗുരുതരമായ വകുപ്പുകള്‍

by admin

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ സി.ഐ.ഡി വിഭാഗം സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര ആരോപണങ്ങള്‍.

അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വിഡിയോ ദൃശ്യങ്ങള്‍ നിർണായക തെളിവാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റം മറച്ചുവെക്കാൻ യെദിയൂരപ്പ പെണ്‍കുട്ടിക്കും അമ്മക്കും പണം വാഗ്ദാനം ചെയ്തെന്നും കുറ്റപത്രത്തില്‍ പറയുന്നു. പോക്സോ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 2015ല്‍ പെണ്‍കുട്ടി നേരിട്ട ഒരു ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനെത്തിയതായിരുന്നു കുട്ടിയും അമ്മയും. കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ യെദിയൂരപ്പ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. സംഭവം അമ്മയോട് പറഞ്ഞതിനെ തുടർന്ന് യെദിയൂരപ്പയോട് ഇവർ കയർത്ത് സംസാരിക്കുകയും ചെയ്തു. ‘എനിക്കും പേരക്കുട്ടികള്‍ ഉണ്ട്, അവള്‍ മിടുക്കി ആണ്, ഞാൻ നോക്കി, പരിശോധിച്ചു’ എന്നാണ് യെദിയൂരപ്പ മറുപടി നല്‍കിയത്. ഈ ദൃശ്യം ഫോണില്‍ പകർത്തിയത് കുട്ടിയുടെ മാതാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിഡിയോ ഡിലീറ്റ് ചെയ്യാൻ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയുണ്ടായി. പിന്നീട് ആളെ വിട്ട് അമ്മയുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചെങ്കിലും പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് അന്വേഷണസംഘം ദൃശ്യങ്ങള്‍ കണ്ടെത്തി.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മാർച്ച്‌ 14ന് സദാശിവനഗർ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡി.ജി.പി അലോക് കുമാറിന്റെ നിർദേശ പ്രകാരം സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള (പോക്സോ) നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ വകുപ്പു പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം തുടരുന്നതിനിടെ കുട്ടിയുടെ അമ്മയായ 54 കാരി മേയ് 26ന് മരിച്ചിരുന്നു.

നേരത്തെ, യെദിയൂരപ്പയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ഐ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഡല്‍ഹിയില്‍ കഴിഞ്ഞ അദ്ദേഹം, തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി ജാമ്യവ്യവസ്ഥയനുസരിച്ച്‌ ജൂണ്‍ 17ന് ബംഗളൂരുവില്‍ അന്വേഷണ സംഘത്തിന് മുമ്ബില്‍ ഹാജരായ 81കാരനായ യെദിയൂരപ്പയെ സി.ഐ.ഡി സംഘം മുന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വാർധക്യം, മുൻ മുഖ്യമന്ത്രിയായ പ്രമുഖ വ്യക്തി എന്നീ പരിഗണനകളോടെ യെദിയൂരപ്പയുടെ അറസ്റ്റ് ഹൈകോടതി വിലക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group