Home Featured ബിജെപിയുടെ നിര്‍ണായക യോഗം; പങ്കെടുക്കാതെ യെഡിയൂരപ്പ ദുബായില്‍!! ഭിന്നത രൂക്ഷമെന്ന് സൂചന

ബിജെപിയുടെ നിര്‍ണായക യോഗം; പങ്കെടുക്കാതെ യെഡിയൂരപ്പ ദുബായില്‍!! ഭിന്നത രൂക്ഷമെന്ന് സൂചന

by admin

ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ ഭിന്നത രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് മീറ്റിങ് നടക്കുന്ന വേളയില്‍ വിദേശ യാത്രയ്ക്ക് പുറപ്പെട്ട് മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ. സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ എന്നിവരെല്ലാം രണ്ടു ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച തുടങ്ങിയ യോഗം ബുധനാഴ്ച വൈകീട്ട് അവസാനിക്കും. യോഗം തീരുന്ന വേളയിലാണ് യെഡിയൂരപ്പ ദുബായില്‍ നിന്ന് തിരിച്ച് നാട്ടിലെത്തുക. യെഡിയൂരപ്പ മാത്രമല്ല, മകനും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബിവൈ വിജയേന്ദ്ര, മുന്‍ ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണന്‍ എന്നിവരും ബിജെപി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നില്ല.

യെഡിയൂരപ്പ മുഖ്യമന്ത്രി പദം ഒഴിയുകയും ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയാകുകയും ചെയ്ത ശേഷം കര്‍ണാടകയില്‍ നടക്കുന്ന ആദ്യ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണിത്. സര്‍ക്കാര്‍ ഭരണം, അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം, പാര്‍ട്ടിയുടെ വ്യാപനം തുടങ്ങി പ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. കര്‍ണാടകയിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ യോഗമാണിത്. മാസങ്ങള്‍ക്ക് മുമ്പ് വരെ മുഖ്യമന്ത്രിയായിരുന്ന വ്യക്തി ഈ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് പല വിധ ചര്‍ച്ചകള്‍ക്കും ഇടയാക്കുമെന്നത് തീര്‍ച്ച.

ബിജെപിയിലെ ഭിന്നതയാണ് യെഡിയൂരപ്പയുടെ വിട്ടുനില്‍ക്കലിന് കാരണമെന്ന് സൂചനയുണ്ട്. അദ്ദേഹം കുടുംബ സമേതമാണ് ദുബായിലേക്ക് പോയിട്ടുള്ളത്. നേരത്തെ മാലദ്വീപിലേക്കും യെഡിയൂരപ്പ പോയിരുന്നു. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം പാര്‍ട്ടി കാര്യങ്ങളില്‍ യെഡിയൂരപ്പയും അദ്ദേഹവുമായി അടുപ്പമുള്ളവരും കാര്യമായി ഇടപെടുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാകട്ടെ ബിജെപിക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. കര്‍ണാടക ബിജെപിയില്‍ പ്രധാന ശക്തിയാണ് യെഡിയൂരപ്പ. ലിംഗായത്ത് സമുദായ നേതാവ് കൂടിയായ ഇദ്ദേഹത്തിന്റെ അകല്‍ച്ച തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യും. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ഇതിന്റെ സൂചനകള്‍ ലഭിക്കുകയും ചെയ്തു.

ബിജെപി എക്‌സിക്യൂട്ടീവ് യോഗം കര്‍ണാടകയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് ഉദ്ഘാടനം ചെയ്തത്. ഈ ദിവസം യെഡിയൂരപ്പ ദുബായില്‍ എക്‌സ്‌പോ കാണുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മറ്റു ബിജെപി നേതാക്കളെല്ലാം പാര്‍ട്ടി യോഗത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. യെഡിയൂരപ്പ മാത്രമാണ് ദുബായില്‍ അവധി ആഘോഷിക്കുന്ന ചിത്രം ഷെയര്‍ ചെയ്തത്.

യെഡിയൂരപ്പ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ യെഡിയൂരപ്പയ്ക്ക് സംഭാവന ചെയ്യാനൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ ഭിന്നതയില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. യെഡിയൂരപ്പയ്ക്ക് പകരം കര്‍ണാടക മുഖ്യമന്ത്രിയായി എത്താന്‍ സാധ്യതയുള്ള വ്യക്തിയായി പരിഗണിച്ച നേതാവണ് പ്രഹ്ലാദ് ജോഷി.

ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും സ്വതന്ത്രമാക്കും; പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക

മെത്ത കണ്ണുമടച്ചു വാങ്ങരുത് !!, ബംഗളുരുവിൽ സുൾഫെക്സ് മാട്രസ്സിന്റെ എക്സ്പീരിയൻസ് സെന്റർ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group