Home Featured വരുണയില്‍ സിദ്ധരാമയ്യക്കെതിരെ യെദിയൂരപ്പയുടെ മകന്‍?

വരുണയില്‍ സിദ്ധരാമയ്യക്കെതിരെ യെദിയൂരപ്പയുടെ മകന്‍?

by admin

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാന്‍ വരുണ മണ്ഡലത്തില്‍ ബി.എസ് യെദിയൂരപ്പയുടെ മകനെത്തും.

ബംഗളൂരുവില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് യെദിയൂരപ്പ ഇതുസംബന്ധിച്ച സൂചന നല്‍കിയത്. തന്‍റെ മകന്‍ ബി.വൈ. വിജയേന്ദ്ര വരുണയില്‍നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച്‌ ഉന്നതതല ചര്‍ച്ചകള്‍ നടക്കുകയാണെന്ന് യെദിയൂരപ്പ പറഞ്ഞു.

മുസ്‌ലിംകളുടെ നാല് ശതമാനം സംവരണം റദ്ദാക്കിയതിനെ യെദിയൂരപ്പ ന്യായീകരിച്ചു. അത് ലിംഗായത്തുകള്‍ക്കും വൊക്കലിഗര്‍ക്കും വീതിച്ചുനല്‍കിയതില്‍ അനീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണത്തിന് മുസ്‌ലിംകള്‍ക്കും അര്‍ഹതയുണ്ട്.കോണ്‍ഗ്രസ് 70 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയ പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായ യെദിയൂരപ്പയാണ്.

കോണ്‍ഗ്രസ് 124 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 69 സിറ്റിങ് എം.എല്‍.എമാരില്‍ 60 പേരും വീണ്ടും കളത്തിലിറങ്ങും. മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. മകന്‍ യതീന്ദ്രയുടെ സിറ്റിങ് സീറ്റാണിത്. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. താന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നയാളാണെന്നും എന്നാല്‍ അതിന്‍റെ പേരില്‍ സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമായി അഭിപ്രായഭിന്നതയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

കോലാറില്‍നിന്ന് മത്സരിക്കാനാണ് ആദ്യം സിദ്ധരാമയ്യ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷിതമല്ലെന്ന വിലയിരുത്തലിന് ശേഷമാണ് മണ്ഡലം മാറിയത്. നിലവില്‍ ബാഗല്‍കോട്ട് ജില്ലയിലെ ബദാമി മണ്ഡലം എം.എല്‍.എയാണ് അദ്ദേഹം. ഇത്തവണ മറ്റൊരു മണ്ഡലത്തില്‍നിന്നുകൂടി സിദ്ധരാമയ്യ മത്സരിക്കുമെന്നാണ് സൂചന. കോലാറില്‍നിന്നും ബദാമിയില്‍നിന്നും മത്സരിക്കാനാണ് ആദ്യം ആഗ്രഹിച്ചിരുന്നത്. ആദ്യ പട്ടികയില്‍ ഈ രണ്ട് സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

തെരഞ്ഞെടുപ്പില്‍ അഴിമതി; ജെ.ഡി -എസ് എം.എല്‍.എയെ അയോഗ്യനാക്കി കര്‍ണാടക ഹൈകോടതി

ബംഗളൂരു: തുമകുരു റൂറലില്‍നിന്നുള്ള ജെ.ഡി-എസ് എം.എല്‍.എ ഡി.സി. ഗൗരി ശങ്കര്‍ സ്വാമിയെ അയോഗ്യനാക്കി കര്‍ണാടക ഹൈകോടതി വിധി.തെരഞ്ഞെടുപ്പിലെ അഴിമതി സംബന്ധിച്ച കേസിലാണ് വിധി.

അതേസമയം, അയോഗ്യത വിധി ഒരു മാസത്തേക്ക് തടഞ്ഞുവെച്ച ഹൈകോടതി, ഗൗരി ശങ്കര്‍ സ്വാമിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയുടെ സുരേഷ് ഗൗഡ നല്‍കിയ പരാതിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാജ ഇന്‍ഷുറന്‍സ് ബോണ്ടുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയതായാണ് പരാതി.

എന്നാല്‍ പരാതി നല്‍കി അഞ്ചുവര്‍ഷം കഴിയവെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഹൈകോടതി വിധിയെന്നതാണ് കൗതുകകരം.ഫെബ്രുവരി 17ന് കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. ജനപ്രാതിനിധ്യനിയമത്തിലെ 101ാം വകുപ്പു പ്രകാരമാണ് കോടതി എം.എല്‍.എയെ അയോഗ്യനാക്കിയത്.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഗൗരി ശങ്കര്‍ സ്വാമി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അയോഗ്യത വിധി തല്‍ക്കാലത്തേക്ക് സസ്‍പെന്‍ഡ് ചെയ്യണമെന്നും എതിര്‍ ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group