കന്നട നടൻ യാഷിനെ നായകനാക്കി മലയാളി സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ സിനിമയുടെ ചിത്രീകരണത്തിനായി ബംഗളൂരു പീനിയയിലെ ഹിന്ദുസ്ഥാൻ മെഷീൻ ടൂള്‍സ് (എച്ച്.എം.ടി) വളപ്പില്‍ 100ലേറെ മരങ്ങള്‍ വെട്ടിനശിപ്പിച്ചതായി പരാതി.സംഭവത്തില്‍ സിനിമ നിർമാതാക്കള്‍ക്കെതിരെ നടപടിയെടുക്കാൻ കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ നിർദേശം നല്കി. കഴിഞ്ഞ ദിവസം മന്ത്രി എച്ച്.എം.ടിയിലെ വനഭൂമി സന്ദർശിച്ച് സാഹചര്യം വിലയിരുത്തിയ ശേഷമാണ് നടപടിക്ക് നിർദേശം നല്‍കിയത്.അടുത്തിടെ കനറ ബാങ്കിന് എച്ച്.എം.ടി വിറ്റ ഭൂമിയില്‍ ‘ടോക്സിക്’ സിനിമയുടെ പടുകൂറ്റൻ സെറ്റ് ഒരുക്കിയെന്നും ഇതിനായി നൂറുകണക്കിന് മരങ്ങള്‍ നശിപ്പിച്ചതായും മന്ത്രി പറഞ്ഞു.
വനഭൂമിയില്‍നിന്ന് അനുമതിയില്ലാതെ മരം മുറിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരങ്ങള്‍ മുറിക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥർ അനുമതി നല്‍കിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും. അങ്ങനെ കണ്ടെത്തിയാല്‍ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.സിനിമ ചിത്രീകരണത്തില്‍ നിയമം ലംഘിച്ച് ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും സ്വകാര്യ ഭൂമിയിലാണ് ചിത്രീകരണം നടത്തിയതെന്നും സിനിമ നിർമാണ കമ്ബനിയായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ എക്സി. പ്രൊഡ്യൂസർ സുപ്രീത് പ്രതികരിച്ചു. ചിത്രീകരണം സംബന്ധിച്ച രേഖകള്‍ ഈ വർഷം ഫെബ്രുവരിയില്‍ പൂർത്തിയാക്കിയിരുന്നതാണെന്നും സുപ്രീത് പറഞ്ഞു.
അതേസമയം, സിനിമ ചിത്രീകരണത്തിനായി മരം മുറി നടന്നതായ തെളിവുകള്‍ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. പ്രസ്തുത ഭൂമിയുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് മന്ത്രി എക്സില്‍ പങ്കുവെച്ചത്.എം.ടിക്ക് കീഴില്‍ വനഭൂമി നിലനിർത്തുക എന്നത് ഗൗരവതരമായ ചോദ്യമാണുയർത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസം മുമ്ബ് എച്ച്.എം.ടിയില്‍നിന്ന് അഞ്ചേക്കർ ഭൂമി വനംവകുപ്പ് തിരിച്ചുപിടിച്ചിരുന്നു. പ്രസ്തുത ഭൂമിയില്‍ ഗ്രീൻ പാർക്ക് സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ എച്ച്.എം.ടിക്കെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ചുവടുമുണ്ട്. എച്ച്.എം.ടിയെ പുനരുദ്ധരിക്കുമെന്നും പഴയ പ്രതാപ കാലത്തിലേക്ക് എച്ച്.എം.ടിയെ തിരിച്ചെത്തിക്കുമെന്നുമുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് കർണാടക വനംവകുപ്പിന്റെ നീക്കം.
വനംവകുപ്പിന്റെ 599 ഏക്കർ ഭൂമി എച്ച്.എം.ടിയുടെ കൈയിലുണ്ടെന്നും അവ തിരിച്ചുപിടിക്കുമെന്നും, 300 കോടിയോളം വരുന്ന 165 ഏക്കർ ഭൂമി എച്ച്.എം.ടി അധികൃതർ സ്വകാര്യ -സർക്കാർ ഏജൻസികള്‍ക്ക് വിറ്റതായും മന്ത്രി ആരോപിച്ചിരുന്നു. പീനിയയില്‍ പ്ലാന്റേഷൻ- ഒന്ന്, പ്ലാന്റേഷൻ -രണ്ട് എന്നിങ്ങനെ വിജ്ഞാപനം നടത്തിയ റിസർവ് ഫോറസ്റ്റായ 599 ഏക്കർ 1960കളില്‍ വിജ്ഞാപനം റദ്ദാക്കാതെ എച്ച്.എം.ടിക്ക് കൈമാറുകയായിരുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.