ഡബ്ല്യു.ഡബ്ല്യു.ഇയില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ താരം ജോണ്‍ സീന. 2025ഓടെ താൻ ഡബ്ല്യു.ഡബ്ല്യു.ഇയുടെ റിങ്ങില്‍ നിന്ന് വിടവാങ്ങുമെന്നാണ് 47കാരനായ ജോണ്‍ സീന പ്രഖ്യാപിച്ചിരിക്കുന്നത്.
ഡബ്ല്യു.ഡബ്ല്യു.ഇ ടൊറന്‍റോയില്‍ സംഘടിപ്പിച്ച ‘മണി ഇൻ ദ ബാങ്ക്’ വിനോദ ഗുസ്തി പരിപാടിയില്‍ അപ്രതീക്ഷിതമായെത്തിയാണ് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
‘മൈ ടൈം ഈസ് നൗ’ (ഇതാണ് എന്‍റെ സമയം) എന്ന തന്‍റെ പ്രശസ്തമായ ഉദ്ധരണിയെ ഓർമിപ്പിച്ച് ‘ദ ലാസ്റ്റ് ടൈം ഈസ് നൗ’ (ഇതാണ് അവസാന സമയം) എന്നെഴുതിയ ടവ്വലുമായാണ് ജോണ്‍ സീന ടൊറന്‍റോയിലെ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ‘ജോണ്‍ സീന ഫെയർവെല്‍ ടൂർ’ എന്ന് ഷർട്ടില്‍ എഴുതിയിട്ടുമുണ്ടായിരുന്നു. ഏറെ വൈകാരികമായാണ് ജോണ്‍ സീന തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഞെട്ടിയ ആരാധകർ ‘നോ, നോ’ എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.
2025ല്‍ റോയല്‍ റംബ്ള്‍, എലിമിനേഷൻ ചേംബർ, ലാസ് വെഗാസില്‍ നടക്കുന്ന റെസില്‍മാനിയ 41 എന്നീ പരിപാടികളില്‍ കൂടി പങ്കെടുത്താണ് താൻ വിടവാങ്ങുകയെന്ന് ജോണ്‍ സീന വ്യക്തമാക്കി.
2002ലാണ് അമേരിക്കൻ വിനോദ ഗുസ്തി ലീഗായ ഡബ്ല്യു.ഡബ്ല്യു.ഇ (വേള്‍ഡ് റെസ്ലിംങ് എന്‍റർടെയിൻമെന്‍റ്) യിലേക്ക് ബോഡി ബില്‍ഡറായ ജോണ്‍ സീന കടന്നുവരുന്നത്. പിന്നീട്, റിങ്ങിലെ എക്കാലത്തെയും പ്രമുഖ താരമായി വളരുകയായിരുന്നു. ലോകമെമ്ബാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള താരംകൂടിയാണ്.
ഡബ്ല്യു.ഡബ്ല്യു.ഇയില്‍ 17 തവണ ചാമ്ബ്യനാണ്. മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്ബ്യനും രണ്ട് തവണ വേള്‍ഡ് റ്റാഗ് ടീം ചാമ്ബ്യനുമായിട്ടുണ്ട്. 2007ല്‍ റോയല്‍ റമ്ബിളിലും ജോണ്‍ സീന വിജയിച്ചിരുന്നു.
നടൻ കൂടിയായ ജോണ്‍ സീന 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെട്ടിരുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാനായാണ് നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകൊണ്ട് നഗ്നത മറച്ച് സീന വേദിയിലെത്തിയത്. സിനിമയില്‍ വസ്ത്രാലങ്കാരത്തിനുള്ള പ്രാധാന്യം കാണിക്കാനായിരുന്നു താൻ ഇങ്ങനെ ചെയ്തതെന്ന് ജോണ്‍ സീന വിശദീകരിച്ചിരുന്നു.
സൂയിസൈഡ് സ്വാക്ഡ്, ഫാസ്റ്റ് എക്സ്, ദ ഇൻഡിപെൻഡന്‍റ്, ദ മറൈൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. യൂ കാണ്ട് സീ മി എന്ന സംഗീത ആല്‍ബവും പുറത്തിറക്കി.