ഇതിഹാസ അമേരിക്കന്‍ റസ്‌ലിങ് താരം ഹള്‍ക് ഹോഗന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 71 വയസായിരുന്നു.ഫ്‌ളോറിഡയിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്.ഡോക്ടര്‍മാര്‍ വീട്ടിലെത്തി അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡബ്ല്യുഡബ്ല്യുഇ ഹള്‍ക് ഹോഗന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.1970കള്‍ മുതല്‍ ഡബ്ല്യുഡബ്യുഇ (ഡബ്ല്യുഡബ്ല്യുഎഫ്) രംഗത്ത് ഹള്‍ക് ഹോഗന്‍ സജീവമായിരുന്നു. 1953 ഓഗസ്റ്റ് 11നാണ് ജോര്‍ജിയയിലാണ് ജനനം. പ്രൊഫഷണല്‍ റസ്‌ലിങ് ങിലെ ഇതിഹാസ മുഖങ്ങളിലൊന്നാണ് ഹള്‍കിന്റേത്.
റസ്ലിങ് പോരാട്ടത്തിന്റെ സുവര്‍ണ കാലത്തെ മുഖമെന്ന വിശേഷണവും ഹള്‍കിനുണ്ട്. റിങിലെ അതികായനായി ഒരുകാലത്ത് വാഴ്ത്തപ്പെട്ട താരമാണ് ഹള്‍ക്. ആഗോള തലത്തില്‍ തന്നെ അദ്ദേഹത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. ഡബ്ല്യുഡബ്ല്യുഇയുടെ ഹാള്‍ ഓഫ് ഫെയ്മിലും ഹള്‍കിന്റെ പേരുണ്ട്.1984ലാണ് കരിയറിലെ ആദ്യ ഡബ്ല്യുഡബ്ല്യുഎഫ് കിരീട നേട്ടം. ആ വിജയത്തോടെ ഹള്‍ക്മാനിയ കാലത്തിനു നാന്ദി കുറിക്കപ്പെട്ടു. 2005ലാണ് താരം ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെട്ടത്.