Home Featured രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; നിലപാട് കടുപ്പിച്ച്‌ ഗുസ്തി താരങ്ങള്‍

രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; നിലപാട് കടുപ്പിച്ച്‌ ഗുസ്തി താരങ്ങള്‍

by admin

ന്യൂഡല്‍ഹി: അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍. ഹരിദ്വാറില്‍ വൈകീട്ട് ആറിന് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ബംജ്‌രംഗ് പൂനിയ അറിയിച്ചു. ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ മെഡലുകള്‍ക്ക് വിലയില്ലാതായിയെന്ന് താരങ്ങള്‍ പറഞ്ഞു.

ഇന്ത്യാഗേറ്റില്‍ മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡല്‍ഹി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നുമാണ് താരങ്ങള്‍ അറിയിച്ചിട്ടുള്ളത്.

തങ്ങളെ പെണ്‍മക്കള്‍ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം തങ്ങളോട് കരുതല്‍ കാണിച്ചില്ലെന്ന് താരങ്ങള്‍ ആരോപിച്ചു. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്ന പോലെയാണ് പൊലീസ് പെരുമാറിയത്. ലൈംഗിക ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും താരങ്ങള്‍ അറിയിച്ചു.

മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് താരങ്ങളെ തടയില്ല: ഹരിദ്വാര്‍ പൊലീസ്

ഡെറാഡൂണ്‍| മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് ഗുസ്തി താരങ്ങളെ തടയില്ലെന്ന് ഹരിദ്വാര്‍ പൊലീസ്. ഹരിദ്വാറിലേക്ക് കടക്കുന്നതില്‍ നിന്നോ മെഡലുകള്‍ ഒഴുക്കി വിടുന്നതില്‍ നിന്നോ താരങ്ങളെ തടയുകയില്ലെന്ന് പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കി വിടാന്‍ വരികയാണെങ്കില്‍ ഞങ്ങള്‍ അവരെ തടയില്ല. എനിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.

ജനങ്ങള്‍ സ്വര്‍ണവും വെള്ളിയും ചാരവുമെല്ലാം ഗംഗയില്‍ ഒഴുക്കും. ഗുസ്തി താരങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് അജയ് സിങ് പറഞ്ഞു. വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷന്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരത്തിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group