കൊട്ടാരങ്ങളുടെ നഗരമാണ് മൈസൂർ. ഇന്ത്യയിലെ ഏറ്റവും മനോഹര നിര്‍മ്മിതികളിലൊന്നായ മൈസൂർ കൊട്ടാരം ഉള്‍പ്പെടെ രൂപത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള രാജഭവനങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി അത്ഭുതപ്പെടുത്തുന്ന നഗരം.ഇതാ ഇനി മൈസൂർ കാഴ്ചകളില്‍ ഇതുമാത്രമല്ല, ലോകത്തിലെ മറ്റൊരു വിസ്മയം കൂടി വരിയാണ്. ,
ലോകത്തിലെ ആദ്യ ഡോം എല്‍ഇഡി പ്ലാനറ്റോറിയം മൈസൂരില്‍ ചാമുണ്ഡി ഹില്‍സില്‍ ഉയരുകയാണ്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും (IIAp) മൈസൂർ സർവകലാശാലയും ചേർന്നൊരുക്കുന്ന ലോകത്തിലെ ആദ്യത്തെ ചരിഞ്ഞ ഡോം എല്‍ഇഡി പ്ലാനറ്റോറിയം ചാമുണ്ഡി ഹില്‍സ് ക്യാമ്ബസിലാണ് വരിക. 91 കോടി രൂപ ചെലവ് വരുന്ന പദ്ധതി 2025 സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ കണ്ടിട്ടുള്ള പ്ലാനറ്റോറിയം അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുങ്ങുന്ന ഈ ടില്‍റ്റഡ് ഡോം എല്‍ഇഡി പ്ലാനറ്റോറിയം ആകാശക്കാഴ്ചകളെ പുത്തൻ രൂപത്തിലും അനുഭവത്തിലും നിങ്ങളുടെ മുന്നിലെത്തിക്കും. സാധാരണ പ്ലാനറ്റോറിയങ്ങളില്‍ പ്രൊജക്ടർ ഉപയോഗിച്ചാണ് കാഴ്ചകളെങ്കില്‍ ഈ പുതിയ പ്ലാനറ്റോറിയത്തില്‍ അത്യാധുനിക എല്‍ഇഡി സാങ്കേതികവിദ്യയെയാണ് കാഴ്ചകള്‍ക്കായി ആശ്രയിക്കുന്നത്.15 മീറ്റർ വ്യാസമുള്ള താഴികക്കുടം 15 ഡിഗ്രി കോണില്‍ ചരിഞ്ഞിരിക്കുന്ന ഇതിന്‍റെ നവീനമായ ഡിസൈൻ വഴി സന്ദർശകർക്ക് ആകാശക്കാഴ്ചകളും നക്ഷത്ര ലോകവും കണ്ടാസ്വദിക്കാം. ഫ്രഞ്ച് കമ്ബനിയായ ആർഎസ്‌എ കോസ്‌മോസ് വികസിപ്പിച്ച സ്‌കൈ എക്‌സ്‌പ്ലോറർ അസ്‌ട്രോണമിക്കല്‍ സോഫ്‌റ്റ്‌വെയറിലാണ് പ്ലാനറ്റോറിയം പ്രവർത്തിക്കുക.ഈ സോഫ്‌റ്റ്‌വെയർ 8K എല്‍ഇഡി ലൈറ്റുകളെ നിയന്ത്രിക്കും.
എന്താണ് ഇതിനെ വ്യത്യസ്തമാക്കുന്നെതെന്ന് പറയട്ടെ, കഴുത്ത് ഞെരുക്കി തിരിക്കാതെയും ചാരിക്കിടക്കാതെയും ആകാശക്കാഴ്ച കാണാം എന്നതാണ് ഇതിന്‍റെ ആകർഷണം. രാത്രി ആകാശത്തിൻ്റെ നേരിട്ടുള്ള കാഴ്ച ഏറ്റവും പൂര്‍ണ്ണതയില്‍ മനോഹരമായി ആസ്വദിക്കാൻ ഇവിടെ സാധിക്കും. എല്‍ഇഡി ഡോം സിസ്റ്റം വളരെ വിശാലമായ നിറങ്ങളും ഉയർന്ന തെളിച്ചവും പ്രദാനം ചെയ്യുമെന്നും ഇതുവഴി നക്ഷത്രം നിറഞ്ഞു നില്‍ക്കുന്ന ആകാശത്തിനറെ ഏറ്റവം യഥാര്‍ത്ഥമായ ദൃശ്യങ്ങള് കാണാൻ സാധിക്കുകയും ചെയ്യുമെന്നാണ് ഐഐഎപി ഡയറക്ടർ അന്നപൂർണി സുബ്രഹ്മണ്യൻ വിശദമാക്കുന്നത്.
കോസ്‌മോളജി എജ്യുക്കേഷൻ ആൻഡ് റിസർച്ച് ട്രെയിനിംഗ് സെന്‍റർ (കോസ്മോസ്) എന്ന വലിയ സംരംഭത്തിന്‍റെ ഭാഗമായിരിക്കും പ്ലാനറ്റോറിയം. സ്പേസ് സയൻസില്‍ താല്പര്യമുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്ന ഇവിടം പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി യോജിച്ച ഇടം കൂടിയായിരിക്കും.