ബംഗളൂരു: ബംഗളൂരുവിലെ മഴക്കാലത്തെ വെള്ളക്കെട്ടിനെ നേരിടാൻ പദ്ധതികള്‍ നടപ്പാക്കുന്നതിന് 3000 കോടിയുടെ ധനസഹായത്തിനായി ലോകബാങ്കുമായി ചർച്ച നടത്തി കർണാടക സർക്കാർ.
നഗരത്തിലെ മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് സംസ്ഥാന സർക്കാർ ഒരുവർഷം മുമ്ബ് കർമപദ്ധതികള്‍ തയാറാക്കിയിരുന്നു. റവന്യൂ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ബി.ബി.എം.പി, ബി.ഡബ്ല്യു.എസ്.എസ്.ബി, സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എന്നിവയുള്‍പ്പെടെയുള്ള സിവില്‍ ഏജൻസികളുമായി ചേർന്ന് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
മഴവെള്ള ചാലുകള്‍ പുനർവികസിപ്പിക്കുക, തടാകങ്ങളുടെ ജലസംഭരണശേഷി വർധിപ്പിക്കുക, ഭൂഗർഭ മലിനജല ഓടകള്‍ കാര്യക്ഷമമാക്കുക, മലിനജല സംസ്കരണ പ്ലാന്‍റുകള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിർദേശം നേരത്തേ യൂനിയൻ സർക്കാറിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. കരാറിന് അന്തിമരൂപം നല്‍കാൻ സംസ്ഥാന സർക്കാറും വേള്‍ഡ് ബാങ്കും തമ്മിലുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണ്. ബൃഹത് ബംഗളൂരു മഹാനഗര പാലികെക്ക് 1000 കോടി, ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡിന് 2000 കോടി എന്നിങ്ങനെയാണ് തുക വീതിച്ചെടുക്കുക. ബി.ഡബ്ല്യു.എസ്.എസ്.ബി മുമ്ബ് പല പദ്ധതികള്‍ക്കും വേള്‍ഡ് ബാങ്ക് ഫണ്ട് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ബി.ബി.എം.പി ആദ്യമായാണ് തങ്ങളുടെ പദ്ധതികള്‍ക്ക് വേള്‍ഡ് ബാങ്ക് ഫണ്ട് ഉപയോഗിക്കുന്നത്. മാസാവസാനത്തോടെ പദ്ധതിയുടെ ഡി.പി.ആർ വേള്‍ഡ് ബാങ്കിന് സമർപ്പിക്കും.