ബംഗളൂരു: റായ്ചൂർ ജില്ലയിലെ ലിംഗസുഗുർ താലൂക്കിലെ ഹട്ടി സ്വർണ ഖനിയില്‍ ഞായറാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ തൊഴിലാളി മരിച്ചു.മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ശരണബസവ (40) എന്ന തൊഴിലാളിയാണ് മരിച്ചത്.നിരുപദി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഖനിയില്‍ 2,800 അടി താഴ്ചയില്‍ മല്ലപ്പ ഷാഫ്റ്റില്‍ പ്രവർത്തനം നടക്കവെയാണ് അപകടം.
വേറെയും തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം.സ്വർണ ഖനിയിലെ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റയാളെ സ്വർണ ഖനിയിലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കറണ്ടും ജനറേറ്ററുമില്ല; മൊബൈല്‍ വെളിച്ചത്തില്‍ ഡോക്ടര്‍ രോഗിയെ ചികിത്സിച്ചു; ആശുപത്രി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
ആശുപത്രിയില്‍ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഡോക്ടർ രോഗിയെ പരിശോധിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍.തെലങ്കാനയിലെ സഹീറാബാദ് ഏരിയ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ കറന്റ് പോകുകയും ജനറേറ്റർ പ്രവർത്തനക്ഷമമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡോക്ടര്‍ രോഗിയെ പരിശോധിക്കാന്‍ മൊബൈല്‍ ടോര്‍ച്ചിന്റെ സഹായം തേടിയത്. ഈ സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ട് വി. ശ്രീധര്‍ കുമാറിനെ സംസ്ഥാന ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തതു.
കറണ്ടില്ലാത്ത ആശുപത്രിയില്‍ ഡോക്ടര്‍ മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ രോഗിയെ ചികിത്സിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വൈറലായി. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഡോക്ടർമാർ മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടന്നുനീങ്ങുകയും കിടക്കയിലുള്ള രോഗികളെ ഇതേ വെളിച്ചം ഉപയോഗിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങളുമാണ് വീഡിയോയില്‍.
ദൃശ്യം ശ്രദ്ധയില്‍പെട്ട തെലങ്കാന ആരോഗ്യ മന്ത്രി സി. ദാമോദര്‍ രാജ നരസിംഹയാണ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനുപിന്നാലെയാണ് നടപടി.