തുമക്കുരു(കര്‍ണാടക) : ക്രിസ്മസ് ആഘോഷിച്ചതിന് വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ ഹിന്ദുത്വ സംഘത്തോട് അതേ രീതിയില്‍ തിരിച്ചടിച്ച് സ്ത്രീകള്‍. കര്‍ണാടകയിലെ തുമക്കുരുവില്‍ ഡിസംബര്‍ 28നായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷിച്ചതിന് വീട്ടിലെത്തി ബഹളമുണ്ടാക്കിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കാണ് വീട്ടിലെ സ്ത്രീകള്‍ ചുട്ട മറുപടി കൊടുത്തത്.
ബിലിദേവാലയയിലെ രാമചന്ദ്ര എന്നയാളുടെ വീട്ടിലായിരുന്നു സംഭവങ്ങള്‍. ഹിന്ദുത്വ പ്രവര്‍ത്തകള്‍ വീട്ടിലെത്തി എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് ചോദിച്ചു. അതിലെന്താണ് തെറ്റെന്ന് വീട്ടിലുള്ള സ്ത്രീകള്‍ തിരിച്ചു ചോദിച്ചു. തുടര്‍ന്ന് എന്തുകൊണ്ട് നെറ്റിയില്‍ സിന്ദൂരമിടുന്നില്ല എന്നായി പ്രവര്‍ത്തകരുടെ ചോദ്യം. ഇതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നുമായി സ്ത്രീകളുടെ പക്ഷം.
ഉടനെ എന്തിനാണ് ഹിന്ദുമതം വിട്ട് ക്രിസ്തുമതം സ്വീകരിച്ചത് എന്നായി പ്രവര്‍ത്തകര്‍. ഈ ചോദ്യത്തിന് തങ്ങള്‍ ഹിന്ദുക്കളാണെന്നും എന്നാല്‍ ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ പിന്തുടരുന്നവരാണെന്നും സ്ത്രീകള്‍ മറുപടി നല്‍കി.ഹിന്ദു ആണെങ്കില്‍ എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന ചോദ്യത്തിന് എന്റെ കഴുത്തിലുള്ള താലി അഴിച്ചാല്‍ പോലും എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്കവകാശമില്ല എന്ന് ഉറച്ച ശബ്ദത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സ്ത്രീകളിലൊരാള്‍ പറയുന്നത് കേള്‍ക്കാം.
ഇതേ രീതിയില്‍ തര്‍ക്കം തുടര്‍ന്നതോടെ വീട്ടില്‍ പോലീസെത്തി. എന്നാല്‍ ഇരുകൂട്ടര്‍ക്കും പരാതിയുണ്ടെങ്കിലും അക്രമം ഉണ്ടാകാഞ്ഞതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ഒരു മാസമായി രാമചന്ദ്രയുടെ വീട്ടില്‍ നിന്നും ക്രിസ്ത്യന്‍ പ്രാര്‍ഥന കേള്‍ക്കുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്തംഗം അറിയിച്ചതിനെത്തുടര്‍ന്നാണ് വീട്ടിലെത്തിയതെന്നാണ് ബജ്‌റംഗ്ദളിന്റെ പ്രതികരണം.
കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഹിന്ദുത്വ സംഘടനകളുടെ അക്രമത്തിന്റെ തുടര്‍ക്കഥ മാത്രമാണിത്. ഈ വര്‍ഷം മാത്രം 39 സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച സ്‌കൂളുകള്‍ക്ക് നേരെ പോലും ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചു വിട്ടിരുന്നു.