ബംഗളൂരു: നഗരത്തിലെ തിരക്കേറിയ സില്‍ക്ക് ബോർഡ് റോഡിലൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ മൂന്ന് യുവാക്കള്‍ പിന്തുടർന്ന് ശല്യം ചെയ്തു.ഏകദേശം രണ്ട് മുതല്‍ രണ്ടര കിലോമീറ്റർ ദൂരത്തോളം യുവാക്കള്‍ യുവതിയെ പിന്തുടരുകയും അപായകരമായ രീതിയില്‍ വാഹനമോടിച്ച് ഭയപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പിന്നാലെ കാറില്‍ സഞ്ചരിക്കുകയായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങള്‍ പകർത്തി പുറത്തുവിട്ടത്.
ഹെല്‍മറ്റ് ധരിക്കാതെ ഒരു സ്കൂട്ടറില്‍ യാത്ര ചെയ്ത മൂന്ന് യുവാക്കള്‍ യുവതിയെ നിരന്തരം മറികടക്കുകയും അവരുടെ മുന്നില്‍ വട്ടം വെച്ച് സ്കൂട്ടർ ഓടിക്കുകയും ചെയ്തു. രാത്രി പത്ത് മണിക്ക് മുൻപാണ് ഈ സംഭവം നടന്നതെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ച വ്യക്തി പറയുന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന വ്യക്തി താൻ ഇത് വീഡിയോയില്‍ പകർത്തിയെന്നും യുവാക്കളെ തടയാൻ ശ്രമിച്ചപ്പോള്‍ അവർ ഉടൻ തന്നെ സ്ഥലം വിട്ടതായും വ്യക്തമാക്കി. ഇയാള്‍ വീഡിയോ സഹിതം ബംഗളൂരു പോലീസിനെ ടാഗ് ചെയ്ത് എക്സില്‍ പോസ്റ്റ് ചെയ്തു.