പെയിംഗ് ഗസ്റ്റായി താമസിക്കുന്ന യുവതിയുടെ മുറിയില്‍ കടന്ന് കയറി അജ്ഞാതൻ ലൈംഗികാതിക്രമം നടത്തുകയും പണം മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തതായി പരാതി.ബെംഗളൂരു ഗംഗോത്രി സർക്കിളില്‍ പെയിംഗ് ഗസ്റ്റായി താമസിക്കുന്ന 23കാരിയായ യുവതിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. മുഖംമൂടി ധരിച്ച് വെള്ളിയാഴ്ച പുലർച്ചെ അജ്ഞാതൻ മുറി തകർത്ത് അകത്ത് കയറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതി ഉറങ്ങുന്ന സമയത്താണ് അജ്ഞാതൻ മുറിയില്‍ കടന്ന് കയറിയതെന്നും പൊലീസ് അറിയിച്ചു.
മറ്റ് മുറികളെല്ലാം പുറത്ത് നിന്ന് പൂട്ടിയതിന് ശേഷമാണ് അജ്ഞാതൻ യുവതിയുടെ മുറിയില്‍ കയറിയത്.ഉറങ്ങിക്കിടന്നിരുന്ന യുവതിയെ അജ്ഞാതൻ മോശമായി സ്പർശിച്ചുവെന്നാണ് ആരോപണം. യുവതി എതിർത്തപ്പോള്‍ അജ്ഞാതൻ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കാലില്‍ നഖം ഉപയോഗിച്ച് മാന്തിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
പിന്നാലെ ഇയാള്‍ യുവതിയുടെ പക്കലുണ്ടായിരുന്ന 2500 രൂപ മോഷ്ടിച്ചു കടന്നുവെന്നും പരാതിയുണ്ട്. സംഭവം നടന്ന ഉടനെ യുവതി സുദ്ദഗുണ്ടേപാല്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അതിക്രമിച്ച് കടന്ന് കയറ്റം, ലൈംഗികാതിക്രമം, പീഡനം, കളവ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.