വളർത്തുനായ കടിച്ചാല്‍ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാൻ നിയമമുണ്ട്. എന്നാല്‍ മൂട്ട കടിച്ചാലോ…? ഒരുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം കിട്ടി മംഗളൂരുവിലെ ഒരു യുവതിക്ക്.ബസ് യാത്രയ്ക്കിടെ സീറ്റില്‍നിന്ന് മൂട്ട കടിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരം നല്‍കാൻ വിധി. ദക്ഷിണ കന്നഡ പാവൂർ സ്വദേശിനി ദീപിക സുവർണയ്ക്കാണ് 1.29 ലക്ഷം രൂപ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരമായി നല്‍കാൻ വിധിച്ചത്. ബസ് ഉടമയും യുവതി ടിക്കറ്റ് ബുക്ക് ചെയ്ത റെഡ് ബസ് ആപ്പും ചേർന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.സംഭവം ഇങ്ങനെ: ദീപികയും ഭർത്താവ് ശോഭരാജും റെഡ് ബസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് മംഗളൂരുവില്‍നിന്ന് ബെംഗളൂരുവിലേക്ക് സീ ബേർഡ് എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദുരനുഭവം ഉണ്ടായത്.
കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയില്‍ മത്സരിക്കാനാണ് ഇരുവരും യാത്രതിരിച്ചത്. യാത്രയ്ക്കിടെ ഉറങ്ങുമ്ബോള്‍ സീറ്റില്‍നിന്ന് മൂട്ടയുടെ കടിയേറ്റു.ബസ് ജീവനക്കാരനോട് പറഞ്ഞപ്പോള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. യാത്രയിലുണ്ടായ ഈ അസ്വസ്ഥത ദീപികയുടെ റിയാലിറ്റി ഷോ പ്രകടനത്തെ ബാധിച്ചെന്നും ഇത് ഷോയുടെ പ്രതിഫലം കുറയാൻ ഇടയാക്കിയെന്നും പരാതിയില്‍ പറയുന്നു. അന്വേഷണത്തിനൊടുവില്‍ ഒരുലക്ഷം രൂപ നഷ്ടപരിഹാരം, 10,000 രൂപ നിയമ ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്, 18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കാനാണ് കോടതി വിധിച്ചത്.