Home Featured ബെംഗളൂരു: 90,000 രൂപയോളം വിലവരുന്ന 61 സാരികള്‍ മോഷ്ടിച്ചു ; യുവതിക്ക് ക്രൂരമർദനം

ബെംഗളൂരു: 90,000 രൂപയോളം വിലവരുന്ന 61 സാരികള്‍ മോഷ്ടിച്ചു ; യുവതിക്ക് ക്രൂരമർദനം

by admin

ബെംഗളൂരു: 90,000 രൂപയോളം വിലവരുന്ന 61 സാരികള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവതിയെ കടയുടമയും സഹായിയും ചേർന്ന് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു.സെപ്തംബർ 20ന് ബെംഗളൂരുവിലെ അവന്യൂ റോഡിലുള്ള ‘മായ സില്‍ക്ക് സാരീസ്’ എന്ന വസ്ത്ര വ്യാപാര ശാലയില്‍ നിന്നാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും മർദ്ദനത്തില്‍ ഏർപ്പെട്ട കടയുടമയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് യുവതി സാരികള്‍ മോഷ്ടിച്ചതായി പോലീസ് കണ്ടെത്തിയത്. യുവതി സാരികളുടെ ഒരു കെട്ട് തന്ത്രപരമായി കടയില്‍ നിന്ന് എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സെപ്തംബർ 20ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ഈ കേസില്‍ സിറ്റി മാർക്കറ്റ് പോലീസ് തുടർ നടപടികള്‍ ആരംഭിച്ചിരുന്നു.അടുത്ത ദിവസം ഇതേ യുവതി കടയ്ക്ക് സമീപം പ്രത്യക്ഷപ്പെട്ടതോടെയാണ് കടയുടമയും സഹായിയും ചേർന്ന് ഇവരെ തടയുകയും റോഡിലിട്ട് മർദ്ദിക്കുകയും ചെയ്തത്. ഞായറാഴ്ച പകല്‍ വെളിച്ചത്തിലായിരുന്നു അതിക്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്നവർ മൊബൈലില്‍ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു.ബെംഗളൂരു പോലീസ് കടയുടമയെയും സഹായിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ഇവർക്കെതിരെയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

യുവതിക്കെതിരെ മോഷണക്കുറ്റവും, കടയുടമയ്ക്കും സഹായിക്കുമെതിരെ മർദ്ദനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ മൂവരെയും കോടതിയില്‍ ഹാജരാക്കുകയും തുടർ നടപടികള്‍ക്കായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group