Home Featured കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക- വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക- വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

by admin

ബംഗളൂരു: കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷൻ ബംഗളൂരുവില്‍ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേളനം നടന്നത്. ധാർമികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂവെന്ന് സമ്മേളനം വിലയിരുത്തി. കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്കും ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്കും നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മത- രാഷ്ടീയ – സന്നദ്ധ സംഘടനകളും മഹല്ലുകളും മുന്നോട്ട് വരണം. പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലുകള്‍ ബംഗളൂരുവിലെ മത-സാംസ്കാരിക സംഘടനകള്‍ സ്ഥിരം പദ്ധതിയായി ഏറ്റെടുക്കണം. വൈവാഹിക രംഗത്തെ സ്ത്രീധനത്തിനും ധൂര്‍ത്തിനും ആഭാസങ്ങള്‍ക്കും തടയിടാന്‍ ക്രിയാത്മക കൂട്ടായ്മകള്‍ രൂപപ്പെടണം.

പുതുതലമുറയിലെ ആത്മഹത്യാ പ്രവണതകളെ പഠന വിധേയമാക്കി അടിസ്ഥാന പരിഹാരങ്ങള്‍ നടപ്പാക്കാൻ സമുദായം ഒറ്റക്കെട്ടായി നിലകൊള്ളണം. ലഹരിയുടെ അതിവ്യാപനം പിരിമുറുക്കുന്ന സാഹചര്യത്തില്‍ ശക്തമായ ശിക്ഷകള്‍ നിഷ്‌കര്‍ഷിക്കുന്ന നിയമ നിർമാണം നടത്താൻ കർണാടക- കേരള സർക്കാറുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കുടുംബങ്ങളെ കാർന്നു തിന്നുന്ന അധാർമികതകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബംഗളൂരു പാലസ് ഗ്രൗണ്ട് പവിലിയനില്‍ ഫാമിലി കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്ത വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ആവശ്യപ്പെട്ടു. പ്രമുഖ ഫാമിലി കൗണ്‍സിലർ ഹാരിസ് ബിൻ സലീം വിഷയമവതരിപ്പിച്ചു. കർണാടക സർക്കാറിന്റെ അതിഥിയായെത്തിയ യു.എ.ഇ ഇന്ത്യൻ ഇസ്‍ലാഹി സെൻറർ പ്രസിഡന്റ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തി. ആദർശ നിഷ്ഠ സംതൃപ്ത കുടുംബത്തിന്റെ അടിത്തറയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ഓള്‍ ഇന്ത്യ കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ. നൗഷാദ്, വിസ്ഡം വൈസ് പ്രസിഡന്റ് ശരീഫ് ഏലാംകോട്, പ്രവർത്തകസമിതി അംഗങ്ങളായ റഷീദ് കൊടക്കാട്, വെല്‍ക്കം അഷറഫ്, ബി.എം.എ ജനറല്‍ സെക്രട്ടറി പി.വി. അശ്റഫ്, ജമാഅത്തെ ഇസ്‍ലാമി ബംഗളൂരു മേഖലാ ജനറല്‍ സെക്രട്ടറി ഷബീർ കൊടിയത്തൂർ, ബംഗളൂരു ഇസ്‍ലാഹി സെന്‍റർ പ്രസിഡന്‍റ് പി.വി. ബഷീർ, വിസ്ഡം ബംഗളൂരു പ്രസിഡന്‍റ് ഹബീബ്, ട്രഷറർ സി.പി. ഷഹീർ, സെക്രട്ടറി ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളത്തോടനുബന്ധിച്ച്‌ കുട്ടികള്‍ക്കായി കളിച്ചങ്ങാടവും പുസ്തക മേളയും നടന്നു.

You may also like

error: Content is protected !!
Join Our WhatsApp Group