ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ മല്‍സരിക്കുകയല്ല, മറിച്ച് അഴിമതിക്കെതിരെ പോരാടുക എന്നതാണ് വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ രീതിയില്‍ വിജയകരമായി ഭരണം നടത്തും എന്നും എഎപിയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
”കര്‍ണ്ണാടകയിലെ മൂന്ന് പ്രമുഖ പാര്‍ട്ടികള്‍ക്കും പേരില്‍ മാത്രമാണ് വ്യത്യാസം. അഴിമതി, ക്രിമിനലിസം, വര്‍ഗീയത എന്നീ പൊതുസ്വഭാവങ്ങളാണ് ഇവര്‍ക്കുള്ളത്. ജനങ്ങളുടെ ക്ഷേമത്തിലും വികസന പദ്ധതികളിലും ഊന്നിയ പ്രകടനപത്രിക ആയിരിക്കും ആം ആദ്മി പുറത്തിറക്കുക. സംസ്ഥാനത്ത് ഒരു ബദല്‍ മാതൃക സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്”, റെഡ്ഡി പറഞ്ഞു.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മോഡല്‍ അവതരിപ്പിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ വിജയം കര്‍ണാടകയില്‍ ആവര്‍ത്തിക്കാനാകുമെന്ന് കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഡല്‍ഹിയിലും പഞ്ചാബിലും തങ്ങള്‍ വിജയകരമായ ഭരണമാണ് കാഴ്ച വെയ്ക്കുന്നതെന്നും ഇപ്പോഴുള്ള പാര്‍ട്ടികള്‍ക്കെതിരെയുള്ള യഥാര്‍ത്ഥ ബദല്‍ മാതൃക തങ്ങളാണെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ മനസിലാക്കുമെന്നും എഎപി പറഞ്ഞു.
”മറ്റ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിനൊന്ന് പകരക്കാര്‍ മാത്രമാണ്. ആരും ആര്‍ക്കും ബദലല്ല. ഞങ്ങള്‍ക്ക് ഒരു പ്രവര്‍ത്തന മാതൃകയുണ്ട്. അത് ജനങ്ങളിലേക്കെത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”, റെഡ്ഡി പറഞ്ഞു. ഡല്‍ഹിയിലെയും പഞ്ചാബിലെയും പ്രകടന പത്രികകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകും ആം ആദ്മി പാര്‍ട്ടി കര്‍ണാടകയിലെ പ്രകടനപത്രിക തയ്യാറാക്കുക എന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി മോഡല്‍ വിജയിച്ച ഒരു മാതൃക ആയതിനാല്‍ അത് കര്‍ണാടകയില്‍ പ്രയോഗിക്കും.
”പഞ്ചാബ് മോഡലിനെ കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. കര്‍ണാടക പോലെ തന്നെ ഒരു വലിയ സംസ്ഥാനമാണ് പഞ്ചാബും. രണ്ടും കാര്‍ഷിക സംസ്ഥാനങ്ങളാണ്”, റെഡ്ഡി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ അധികാരത്തില്‍ വന്നാല്‍, ഡല്‍ഹിയിലും പഞ്ചാബിലും നടപ്പിലാക്കിയതിനു സമാനമായി, ജനങ്ങള്‍ക്കായുള്ള വിവിധ ആനുകൂല്യങ്ങള്‍ക്കൊപ്പം ഇവിടെയും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നും എഎപി അറിയിച്ചു.
കര്‍ണാടകയില്‍ തങ്ങള്‍ക്ക് പിന്തുണയേറുകയാണെന്നും എഎപി വിശ്വസിക്കുന്നു, പ്രത്യേകിച്ച് വടക്കന്‍ കര്‍ണാടകയില്‍. ”ഈ മേഖലയിലെ ജനങ്ങളെ മറ്റു പാര്‍ട്ടികള്‍ അവഗണിച്ചതായി തോന്നുന്നു. ഒരു മാറ്റം വേണമെെന്ന് അവരെ ബോധ്യപ്പെടുത്താനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമായുള്ള അവസരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്”, റെഡ്ഡി പറഞ്ഞു.
സൗജന്യ ക്ലിനിക്കുകള്‍, എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കല്‍, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍ എന്നിവയെല്ലാം എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിലും നഗരങ്ങളിലും ഗ്രാമങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും എഎപിയെ അനുകരിച്ചാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നും ജനങ്ങള്‍ അവരെ തിരിച്ചറിയുമെന്നും റെഡ്ഡി പറഞ്ഞു.
‘പശുവിനെ ആലിഗനം ചെയ്യൂ’; വാലന്റൈന്‍സ് ഡേ വേണ്ട, ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം
ഡല്‍ഹി: ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഒഴിവാക്കി പശുവിനെ ആലിംഗനം ചെയ്യാന്‍ ആഹ്വാനം. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെതാണ് വിചിത്ര നിര്‍ദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും ജൈവൈവിധ്യത്തെ പ്രതിനീധികരിക്കുന്നതുമാണ് പശു. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ കാമധേനു, എന്നും ഗൗമാത എന്നും വിളിക്കുന്നതെന്നും മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
പശുവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ നോട്ടീസില്‍ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.