Home പ്രധാന വാർത്തകൾ ബെംഗളൂരുവിന് ഹൈദരാബാദിന്റെ ഗതി വരുമോ? 2 സംസ്ഥാനങ്ങളുടെ തലസ്ഥാനം; കര്‍ണാടക വിഭജനം

ബെംഗളൂരുവിന് ഹൈദരാബാദിന്റെ ഗതി വരുമോ? 2 സംസ്ഥാനങ്ങളുടെ തലസ്ഥാനം; കര്‍ണാടക വിഭജനം

by admin

ബെംഗളൂരു: കര്‍ണാടക സംസ്ഥാനം വിഭജിച്ച്‌ മറ്റൊരു സംസ്ഥാനം കൂടി രൂപീകരിക്കണം എന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.നോര്‍ത്ത് കര്‍ണാടകയിലെ 15 ജില്ലകള്‍ ചേര്‍ത്ത് പുതിയ സംസ്ഥാനം രൂപീകരിക്കണം എന്നാണ് ആവശ്യം. കോണ്‍ഗ്രസ് എംഎല്‍എ ഭരംഗൗഡ എന്ന രാജു കാഗെ ആണ് വിഷയം വീണ്ടും എടുത്തിട്ടത്. നേരത്തെ നോര്‍ത്ത് കര്‍ണാടകയിലെ ബിജെപി നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച്‌ രാജു കാഗെ കത്തയച്ചു. നോര്‍ത്ത് കര്‍ണാടക സമര സമിതി പുതിയ സംസ്ഥാനം ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തിവരികയാണ്. അതിന് എല്ലാ പിന്തുണയും കോണ്‍ഗ്രസ് എംഎല്‍എ പ്രഖ്യാപിച്ചു.

കഗ്‌വാഡ് എംഎല്‍എയാണ് രാജു കാഗെ.ബിദാര്‍, കലബുര്‍ഗി, വിജയപുര, യദ്ഗിര്‍, ബാഗല്‍കോട്ട്, ബെലഗാവി, ധര്‍വാഡ്, ഗഡക്, കൊപ്പല്‍, റയാച്ചൂര്‍, ഉത്തര കന്നഡ, ഹാവേരി, വിജയനഗര, ബല്ലാരി, ദേവനഗര തുടങ്ങി 15 ജില്ലകള്‍ ചേര്‍ത്ത് പുതിയ സംസ്ഥാനം വേണം എന്നാണ് മേഖലയിലെ ആവശ്യം. വികസനമില്ലായ്മയും പിന്നാക്കാവസ്ഥയും ചൂണ്ടിക്കാട്ടായണ് മേഖലയിലെ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പുതിയ സംസ്ഥാനം ആവശ്യപ്പെടുന്നത്.നോര്‍ത്ത് വെസ്‌റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ചെയര്‍മാന്‍ ആണ് രാജു കാഗെ. മേഖലയില്‍ വികസനം ഇല്ലാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. മാത്രമല്ല, മതിയായ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നും ഭീഷണി മുഴക്കി. പുതിയ സംസ്ഥാനം രൂപീകരിച്ചാല്‍ കന്നഡ സംസാരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ നിലവില്‍ വരുമെന്നും രാജു കാഗെ പറയുന്നു.കഴിഞ്ഞ ജനുവരിയിലും രാജു കാഗെ വിഷയം ഉന്നയിച്ച്‌ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരിന് പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കണം എന്നാണ് രാജു കാഗെ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.2022ല്‍ സമാനമായ ആവശ്യം ബിജെപി നേതാവും അന്നത്തെ മന്ത്രിയുമായ ഉമേഷ് കാട്ടി ഉന്നയിച്ചിരുന്നു. നോര്‍ത്ത് കര്‍ണാടക പൂര്‍ണമായും അവഗണിക്കപ്പെടുകയാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിഷയം കേന്ദ്ര സര്‍ക്കാര്‍ പരിഗണിന്നുണ്ടെന്നും ഉമേഷ് കാട്ടി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുണ്ടായില്ല.ഏറ്റവും ഒടുവില്‍ രാജ്യത്ത് രൂപീകരിക്കപ്പെട്ട സംസ്ഥാനമാണ് തെലങ്കാന. 2014ല്‍ ആന്ധ്ര പ്രദേശ് വിഭജിച്ചാണ് തെലങ്കാന രൂപീകരിച്ചത്. നേരത്തെ അവിഭക്ത ആന്ധ്രയുടെ തലസ്ഥാനമായിരുന്ന ഹൈദരാബാദിനെ വിഭജന ശേഷം 10 വര്‍ഷത്തേക്ക് രണ്ട് സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി തീരുമാനിച്ചു. ഇപ്പോഴും ആന്ധ്രയ്ക്ക് പുതിയ തലസ്ഥാനം രൂപീകരിക്കപ്പെട്ടിട്ടില്ല. അമരാവതിയാണ് പരിഗണനയില്‍. സമാനമായ രീതിയില്‍ കര്‍ണാടക വിഭജിച്ചാല്‍ രൂപീകരിക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി ബെംഗളൂരു കുറച്ചുകാലം നിലനിര്‍ത്താമെന്ന അഭിപ്രായവുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group