Home Featured ബംഗളൂരു:ബൈക്ക് യാത്രികര്‍ക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

ബംഗളൂരു:ബൈക്ക് യാത്രികര്‍ക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

by admin

ബംഗളൂരു: രാമനഗര കനകപുരയില്‍ ബൈക്ക് യാത്രികര്‍ക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. 30ഓളം കാട്ടാനകളാണ് രണ്ടു കര്‍ഷകരെ പിന്തുടര്‍ന്ന് ആക്രമിച്ചത്.

ആനക്കൂട്ടം അടുത്തെത്തിയതോടെ ബൈക്കുകള്‍ ഉപേക്ഷിച്ച്‌ രണ്ടു പേരും സമീപത്തെ കുന്നിന്മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ആനക്കൂട്ടം ഇരു ബൈക്കുകളും തകര്‍ത്തു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കൃഷിയിടത്തില്‍ രാത്രി മൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വിള കാക്കാൻ പോവുകയായിരുന്ന കര്‍ഷകരാണ് അപകടത്തില്‍പെട്ടത്. ഇവര്‍ കുന്നിന്മുകളില്‍നിന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പുറത്തുവന്നു.

കുറച്ചു ദിവസങ്ങളായി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞയാഴ്ച ബെട്ട ഗൗഡന ദൊഡ്ഡി വില്ലേജില്‍ കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയിരുന്നു. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെത്തി കാട്ടാനക്കൂട്ടത്തെ തുരത്തി. ഇവ പിന്നെയും ഗ്രാമത്തിലേക്കിറങ്ങിയെന്നാണ് കഴിഞ്ഞദിവസത്തെ സംഭവം തെളിയിക്കുന്നത്. ഏക്കര്‍കണക്കിന് കൃഷിയിടം കാട്ടാനക്കൂട്ടം നശിപ്പിച്ചതായി കര്‍ഷകര്‍ പരാതിപ്പെട്ടു. ബന്നാര്‍ഘട്ട മേഖലയിലെ ബിലികല്‍ വനത്തില്‍നിന്നാണ് കാട്ടാനക്കൂട്ടം എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group