ബംഗളൂരു: ബന്ദിപ്പൂര്‍ വനത്തിലെ കാവേരി വന്യജീവി സങ്കേതത്തില്‍ അപൂര്‍വയിനം വെള്ള കലമാനിനെ കണ്ടെത്തി. റുസ യുനികളര്‍ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്നതാണ് വൈറ്റ് സംബാര്‍ ഡീര്‍ അഥവാ വെള്ള കലമാൻ.
ബന്ദിപ്പൂര്‍ വനത്തിലെ പുള്ളിപ്പുലികളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സഞ്ജയ് ഗുബ്ബിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സ്ഥാപിച്ച കാമറക്കെണിയിലാണ് പെണ്‍ വെള്ള കലമാന്റെ രണ്ടു ചിത്രം പതിഞ്ഞത്. മറ്റൊരു ആണ്‍ കലമാനൊപ്പം ഇത് സഞ്ചരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
2014ല്‍ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ വെള്ള മാനിനെ കണ്ടെത്തിയിരുന്നു. എന്നാല്‍, അന്ന് ഇവയുടെ ചിത്രം ലഭിച്ചിരുന്നില്ല. കര്‍ണാടകയില്‍നിന്ന് ആദ്യമായാണ് ഈ അപൂര്‍വയിനത്തിന്റെ ചിത്രം ലഭിക്കുന്നത്. മൃഗങ്ങളുടെ തനത് നിറങ്ങളില്‍ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസത്തെ ല്യൂസിസം എന്നാണറിയപ്പെടുന്നത്. ജന്മനാ സംഭവിക്കുന്ന നിറവ്യത്യാസമാണിതെന്ന് വന്യജീവി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളുടെ ശരീരത്തില്‍ മെലാനിന്റെ കുറവുകൊണ്ടുണ്ടാകുന്ന നിറവ്യത്യാസം ആല്‍ബിനിസമാണ്. ല്യൂസിസവും ആല്‍ബിനിസവും തമ്മില്‍ വ്യത്യസമുണ്ട്.
ആല്‍ബിനിസത്തില്‍ മൃഗങ്ങളുടെ നിറം വെളുപ്പാകുമെങ്കിലും കണ്ണുകള്‍ പിങ്ക് നിറത്തിലോ ചുവന്നോ ഇരിക്കും. ല്യൂസിസത്തില്‍ ഇതുണ്ടാവില്ല- ഗവേഷകര്‍ പറയുന്നു.
പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര യൂനിയൻ (ഐ.യു.സി.എൻ) വംശനാശ ഭീഷണി നേരിടുന്നവ ജീവികളുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ മൃഗമാണ് കലമാൻ. നേച്വര്‍ കണ്‍സര്‍വേഷൻ ഫൗണ്ടേഷൻ, ഹൊലെമട്ടി നേച്വര്‍ ഫൗണ്ടേഷൻ എന്നിവക്ക് കീഴിലെ ഗവേഷകരാണ് ദൗത്യത്തില്‍ സഞ്ജയ് ഗുബ്ബിക്കൊപ്പമുണ്ടായിരുന്നത്. ഈ സംഘം കാവേരി വന്യജീവി സങ്കേതത്തില്‍നിന്ന് നേരത്തെ, വെള്ള കാട്ടുനായയെ കണ്ടെത്തിയിരുന്നു. ആല്‍ബിനോ പ്രതിഭാസമുള്ള കാട്ടുനായയായിരുന്നു അത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ ബഹറായ്ച് ജില്ലയിലെ കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ വെള്ളമാനിനെ കണ്ടെത്തിയിരുന്നു.