മൈസൂരു : മലയാളികളുടെ ഇഷ്ട സാഹസവിനോദസഞ്ചാരകേന്ദ്രമായ കുദ്രെമുഖ് ദേശീയോദ്യാനത്തിലെ ട്രക്കിങ് കേന്ദ്രത്തിലേക്ക് സഞ്ചാരവിലക്ക്. ദേശീയോദ്യാനത്തിലെകെരെക്കെട്ട് വന്യജീവി ശ്രേണിയിൽവരുന്ന പ്രശസ്തമായ വലിയുഞ്ച, നരസിംഹ പർവത ട്രക്കിങ് റൂട്ടുകളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. പ്രദേശത്ത് ആനകളുടെ എണ്ണവും സഞ്ചാരവും വർധിച്ചതിനാലാണ് നടപടി. ആദ്യഘട്ടത്തിൽ ബുധനാഴ്ചവരെയാണ് വിലക്ക്. ആനകൾ കാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ വിലക്ക് കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടുമെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.