ബംഗളൂരു: അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു. ബംഗളൂരു ഗംഗോഡനഹള്ളി ശാന്തിനഗർ സ്വദേശി സിദ്ധരാമണ്ണയാണ് (38) ഭാര്യ കോകിലയെ (33) കൊലപ്പെടുത്തിയത്.ഗാർമെന്‍റ് യൂനിറ്റില്‍ ജീവനക്കാരിയായിരുന്നു കോകില. ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രതി സിദ്ധരാമണ്ണ ദിവസവും വഴക്കിടാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അനുരഞ്ജനത്തിന് കുടുംബാംഗങ്ങള്‍ ഇടപെട്ട് ശ്രമം നടത്തിയെങ്കിലും സിദ്ധരാമണ്ണ ഉപദ്രവം തുടരുകയുമായിരുന്നു.
സംഭവ ദിവസം രാത്രി സിദ്ധരാമണ്ണ ഭാര്യയുമായി വഴക്കിട്ടിരുന്നു. പ്രകോപിതനായ സിദ്ധരാമണ്ണ കോകിലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന്, വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ധർമസ്ഥല ശ്രീ ക്ഷേത്രം സന്ദർശിക്കുകയും തന്‍റെ പാപത്തിന് പ്രായശ്ചിത്തമായി തല മൊട്ടയടിക്കുകയും ചെയ്തു. കോകിലയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത മദനായകനഹള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.