പട്ന: ഇൻസ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് എതിര്‍ത്ത യുവാവിനെ ഭാര്യയും ഭാര്യയുടെ ബന്ധുക്കളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി. ബിഹാറിലെ ബെഗുസറയിലാണ് സംഭവം. സമസ്തിപൂര്‍ ജില്ലക്കാരനായ 25കാരൻ മഹേശ്വര് റായ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ 20കാരിയായ റാണി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
മഹേശ്വര് കൊല്‍ക്കത്തയില്‍ തൊഴിലാളിയാണ്. ആറു വര്‍ഷം മുമ്ബ് വിവാഹിതരായ ദമ്ബതികള്‍ക്ക് ഒരു മകനുണ്ട്. മഹേശ്വറിന്റെ 20കാരിയായ ഭാര്യ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇൻസ്റ്റഗ്രാമില്‍ ഇതുവരെ 500 റീല്‍സ് ചെയ്തിരിക്കുന്ന യുവതിയെ 9,500 പേര് ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍, ഭാര്യ റീല്‍സ് ചെയ്യുന്നതിനെ യുവാവ് എതിര്‍ത്തിരുന്നു. റീല്‍സില്‍ ഡാൻസ് ചെയ്ത് റാണിക്ക് പ്രശസ്തിയും പണവുമാണ് വേണ്ടിയിരുന്നതെന്ന് യുവാവിന്റെ പിതാവ് റാം റായ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് യുവാവ് കൊല്ക്കത്തിയല്നിന്നും ലീവെടുത്ത് നാട്ടിലെത്തി. കഴിഞ്ഞ ദിവസം ഫാഫൗത് ഗ്രാമത്തിലെ ഖോദാബന്ദ്പൂരിലെ ഭാര്യ വീട്ടിലെത്തി. സംസാരത്തിനിടെ റാണി സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിനെ എതിര്‍ത്തു. ഇത് വാക്കുതര്‍ക്കമാകുകയും യുവതിയും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
മഹേശ്വറിന്റെ ഫോണില്‍ കിട്ടാതായതോടെ അദ്ദേഹത്തിന്റെ സഹോദരൻ ഇവിടെ അന്വേഷിച്ച് എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. സ്ഥലത്തെത്തിയപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന നാലുപേര്‍ ചേര്‍ന്ന് മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നത് കണ്ടതായി വീട്ടുകാര്‍ ആരോപിച്ചു. പിന്നീട് പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു.