ബംഗളൂരു: നഗരത്തില്‍ വാഹനയാത്രക്കാരില്‍നിന്ന് പണംതട്ടാൻ വ്യാജ അപകടങ്ങള്‍ മെനയുന്ന സംഘങ്ങള്‍ സജീവം. ഡ്രൈവര്‍മാരില്‍നിന്നും പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ തട്ടിപ്പുകാര്‍ മനഃപൂര്‍വം അപകടങ്ങള്‍ വരുത്തുകയാണ് രീതി.ഇത്തരം നിരവധി സംഭവങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പലരും തങ്ങളുടെ അനുഭവങ്ങള്‍ വിഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ബംഗളൂരു സ്വദേശിയായ എൻ. പ്രകാശ് താൻ തട്ടിപ്പിനിരയായ കഥ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിങ്ങനെ: ” നഗരത്തിലൂടെ യാത്ര ചെയ്യവെ ബൈക്കിലെത്തിയയാള്‍ കാർ തടഞ്ഞു.
കാര്‍ ബൈക്കില്‍ തട്ടിയെന്നായിരുന്നു അയാളുടെ വാദം. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റ് രണ്ടു ബൈക്ക് യാത്രക്കാര്‍ വരുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വണ്ടിയില്‍ ഡാഷ് കാം ഉള്ളതിനാല്‍ ദൃശ്യങ്ങള്‍ കൃത്യമായി റെക്കോഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ തട്ടിപ്പുകാരെ കാണിക്കുകയും പൊലീസിനെ വിളിക്കുമെന്നു പറയുകയും ചെയ്തു. തുടര്‍ന്നു അവര്‍ പിന്മാറി പോയി..”
സമാനമായ അനുഭവമാണ് ബംഗളൂരു- ചെന്നൈ ഹൈവേയില്‍ സ്ഥിരം യാത്രികനായ രവി മേനോന്‍ പങ്കുവെച്ചത്. രണ്ടുതവണ ഡാഷ് കാം തന്നെ രക്ഷിച്ചതായി രവി പറയുന്നു. സില്‍ക്ക് ബോര്‍ഡിന് സമീപം ഒരിക്കല്‍ ബൈക്ക് യാത്രികന്‍ തന്‍റെ കാറിനുമുന്നിലേക്ക് ബോധപൂര്‍വം വീഴുകയും വണ്ടി ഇടിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തു. ഡാഷ് കാമിലുള്ള ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ പണം തട്ടാനുള്ള ശ്രമം ഉപേക്ഷിച്ച് അയാള്‍ പിന്‍വാങ്ങി.
വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഡാഷ് കാമുകളില്‍നിന്ന് തട്ടിപ്പ് വ്യക്തമാക്കുന്ന നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൈറ്റ് ഫീല്‍ഡില്‍ അടുത്തിടെ നടന്ന വ്യാജ അപകട വിഡിയോ വൈറല്‍ ആയിരുന്നു. ഇത്തരം വിഡിയോകള്‍ പരാതിയുടെ വ്യക്തമായ തെളിവുകള്‍ നല്‍കുന്നുവെങ്കിലും ഇരകള്‍ പരാതി നല്‍കാൻ മടിക്കുന്നതാണ് പൊലീസ് നടപടിയെടുക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കാനുള്ള പ്രധാന കാരണം.
വ്യാജ അപകടങ്ങള്‍ എല്ലാം ഒരേ രീതിയാണ് പിന്തുടരുന്നത്. ഒരു യാത്രക്കാരന്‍ പെട്ടെന്നു വണ്ടിയുടെ മുന്നിലേക്ക് ചാടുകയോ ബൈക്ക് വീഴ്ത്തുകയോ ചെയ്യും. പിന്നാലെ ചിലർ സാക്ഷികളെന്ന മട്ടില്‍ കാർ യാത്രക്കാരെ സമീപിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യും. ഡ്രൈവര്‍ തുക നല്‍കാന്‍ മടിച്ചുനിന്നാല്‍ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ അശ്രദ്ധമായി വണ്ടിയോടിച്ചു എന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യും. ദീര്‍ഘകാല നിയമപ്രശ്നങ്ങള്‍ ഭയന്ന് മിക്ക ഡ്രൈവര്‍മാരും പണം നല്‍കി വിഷയം പരിഹരിക്കാന്‍ ശ്രമിക്കുമെന്നതാണ് ഇത്തരക്കാർക്ക് വളമാവുന്നത്.
നിയമക്കുരുക്കുകള്‍ ഭയന്ന് വ്യാജ അപകടങ്ങള്‍ നടന്നാലും കേസ് ഫയല്‍ ചെയ്യുന്നതില്‍ നിന്നും പലരും പിന്മാറുന്നു. പരാതിക്കാര്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ മുന്നോട്ടുവരണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡാഷ് കാം വിഡിയോകള്‍ കോടതികളില്‍ പ്രധാന തെളിവാണ്. ഇരകള്‍ സ്വമേധയാ കേസ് നല്‍കാത്തതാണ് ഇത്തരം പ്രവൃത്തികള്‍ തുടരാന്‍ തട്ടിപ്പുകാരെ പ്രേരിപ്പിക്കുന്നതെന്ന് അഭിഭാഷകയായ മീര ശ്രീനിവാസ് പറഞ്ഞു.
വ്യാജ അപകടങ്ങള്‍ നടന്നാല്‍ ശാന്തത പാലിക്കുകയും ഉടന്‍ പണം നല്‍കാതിരിക്കുകയും ചെയ്യുക, ഡാഷ് കാം റെക്കോഡിങ് പരിശോധിച്ച് തെളിവുകള്‍ തട്ടിപ്പുകാരെ കാണിക്കുക, പൊലീസിനെ വിളിച്ചു കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുക, ആവശ്യമില്ലാതെ വണ്ടിയില്‍നിന്നും ഇറങ്ങാതിരിക്കുകയും ഇടിച്ച വാഹനത്തിന്‍റെ നമ്ബര്‍ രേഖപ്പെടുത്തി വെക്കുകയും ചെയ്യുക എന്നിവയാണ് യാത്രക്കാർ സ്വീകരിക്കേണ്ടത്. വാഹനമോടിക്കുന്നവര്‍ സ്വയം ജാഗ്രത പാലിക്കുകയും വാഹനങ്ങളില്‍ ഡാഷ് കാം സ്ഥാപിക്കുകയും സംഭവങ്ങള്‍ കൃത്യമായി പൊലീസിനെ അറിയിക്കുകയുമാണ് ഇത്തരം ചൂഷണങ്ങളില്‍നിന്നും രക്ഷനേടാനുള്ള വഴി.
ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് റെഡി; അതായത് തിരുവനന്തപുരം-ഷൊര്‍ണൂര്‍ ദൂരം അരമണിക്കൂറില്‍ താഴെ!
റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഐഐടി മദ്രാസ് 422 മീറ്റർ നീളമുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചെടുത്തു.30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലാണ് നിർമാണം. അതായത്, തിരുവനന്തപുരത്ത് നിന്ന് ഷൊറണൂർ വരെയുള്ള 315 കിമീ ദൂരം വെറും അരമണിക്കൂറിനുള്ളില്‍ മറികടക്കാം. സർക്കാർ-അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തില്‍ നവീകരണത്തിന് വഴിയൊരുക്കുന്നതാണെന്ന് എക്‌സില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു. റെയില്‍വേ മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള പദ്ധതി ഐഐടി മദ്രാസ് കാമ്ബസിലാണ് നിർമ്മിച്ചത്.
422 മീറ്റർ നീളമുള്ള ആദ്യ പോഡ് വികസിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യകള്‍ വളരെയധികം മുന്നോട്ട് പോയി. ഒരു മില്യണ്‍ ഡോളർ വീതമുള്ള ആദ്യ രണ്ട് ഗ്രാന്റുകള്‍ നല്‍കി. ഒരു മില്യണ്‍ ഡോളറിന്റെ മൂന്നാമത്തെ ഗ്രാന്റും കൂടി ഉടൻ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ വാണിജ്യ പദ്ധതി ഉടൻ ആരംഭിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
അഞ്ചാമത്തെ ഗതാഗത രീതിയെന്നാണ് ഹൈപ്പർലൂപ്പ് സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. ദീർഘദൂര യാത്രകള്‍ക്കുള്ള ഒരു അതിവേഗ ഗതാഗത സംവിധാനമാണിത്. വാക്വം ട്യൂബുകളിലെ പ്രത്യേക കാപ്സ്യൂളുകള്‍ വഴി വളരെ ഉയർന്ന വേഗതയില്‍ സഞ്ചരിക്കാനാകും. വാക്വം ട്യൂബിനുള്ളില്‍ ഒരു വൈദ്യുതകാന്തികമായി ലെവിറ്റേറ്റ് ചെയ്യുന്ന പോഡ് ഇതില്‍ ഉള്‍പ്പെടുന്നു. അതുവഴി ഘർഷണം ഒഴിവാക്കുകയും പോഡിന് മണിക്കൂറില്‍ 1234.8 കിമീ വേഗതയില്‍ എത്താനും കഴിയും. കാലാവസ്ഥയെ ചെറുക്കാനുള്ള കഴിവ്, കൂട്ടിയിടി രഹിത യാത്രാ സൗകര്യം, വിമാനത്തിന്റെ ഇരട്ടി വേഗത, കുറഞ്ഞ വൈദ്യുതി ഉപഭോഗം, 24 മണിക്കൂർ പ്രവർത്തനങ്ങള്‍ക്കുള്ള ഊർജ്ജ സംഭരണം എന്നിവയാണ് ഹൈപ്പർലൂപ്പിന്റെ പ്രത്യേകതകള്‍.