ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ 141 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയതിന് പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തില്‍. ചുമ മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്.നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകളിലാണ് അപകടകരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യമാണ് മരുന്നുകളില്‍ കണ്ടെത്തിയിരിക്കുന്നത്.
ഗാബിയ, ഉസ്‌ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലായി കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങളാണ് ഇവ. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം നോറിസ് ഫാക്ടറി സന്ദര്‍ശനം നടത്തിയ ശേഷം മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താനും മരുന്നുകള്‍ തിരിച്ച് വിളിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഗുജറാത്ത് ഫുഡ് ആന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ എച്ച് ജി കോശിയ വിശദമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചതായും കോശിയ പറഞ്ഞു.