ബംഗളൂരു: നഗര റോഡുകളില്‍ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തുന്ന വൈറ്റ്ടോപ്പിങ് ഇഴയാൻ തുടങ്ങിയതോടെ ജനജീവിതം നരകതുല്യം. മഴയില്‍ ചളിക്കുളമായ റോഡുകളില്‍ കാല്‍നട യാത്ര പോലും പ്രയാസകരമെന്ന് പരാതി. പ്രധാന വ്യാപാര കേന്ദ്രമായ ചിക്ക്പേട്ടിലെ ബി.വി.കെ അയ്യങ്കാർ റോഡ് മുതല്‍ സുല്‍ത്താൻപേട്ട് വരെയുള്ള ഭാഗത്തെ നിർമാണം രണ്ട് മാസമായിട്ടും ഒച്ച് വേഗത്തിലാണ്. നിശ്ചിത മാസത്തിനകം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നിർമാണങ്ങളില്‍ കാല്‍ഭാഗം പോലുമായിട്ടില്ല. ബംഗളൂരു ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പുകള്‍ മാറ്റുന്ന പ്രവൃത്തി പൂർത്തിയാകാത്തതാണ് പ്രധാന തടസ്സമെന്നാണ് വിശദീകരണം.ചിക്ക്പേട്ട് മെട്രോ സ്റ്റേഷനില്‍ നിന്ന് കാല്‍നടയായി വ്യാപാര കേന്ദ്രങ്ങളിലെത്തുന്നവർക്കും ദുരിതമാണ് യാത്ര.
റോഡില്‍ ചളിനിറഞ്ഞതോടെ സമീപത്തെ വ്യാപാര കേന്ദ്രങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഗ്രാത്ത് റോഡ് എപ്പോഴും വെള്ളത്തിലാണ്. എം.ജി റോഡിനോടുചേർന്നുള്ള മഗ്രാത്ത് റോഡിലും സ്ഥിതി തഥൈവ.ഇരുവശങ്ങളിലേക്കും റോഡ് പൂർണമായി അടച്ചതോടെ വാഹനങ്ങള്‍ ചുറ്റിക്കറങ്ങണം. കഴിഞ്ഞ ദിവസത്തെ മഴയില്‍ സമീപ റോഡുകളില്‍ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു.കഴിഞ്ഞ വർഷം പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി മാസങ്ങളോളം റോഡ് അടച്ചിട്ടിരുന്നു.