ചെന്നൈ : കൊലപാതകത്തിനായി നിര്‍മ്മിച്ച ബോംബ് കൈയ്യിലിരുന്ന് പൊട്ടി ഗുണ്ടാ നേതാവിന്റെ ഇരു കൈകളും അറ്റുപോയി . ചെന്നൈ താംബരത്തിന് അടുത്ത ഗുഡുവാഞ്ചേരി ഒട്ടേരി സ്വദേശിയായ കാര്‍ത്തിക് (29) എന്ന ഗുണ്ടയുടെ കൈകളാണ് അറ്റുപോയത് .
ഇയാളുടെ പേരില്‍ താംബരം, ഗുഡുവഞ്ചേരി, കണ്ണഗി നഗര്‍, പള്ളികരണൈ, ഊത്തുക്കോട്ട, ചെങ്കല്‍പട്ട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി മുപ്പതിലധികം കേസുകളുണ്ട്. കാര്‍ത്തിക് പുഴല്‍ ജയിലില്‍ കഴിയുമ്ബോള്‍ അമ്ബത്തൂര്‍ സ്വദേശി വിജയകുമാറുമായി പരിചയത്തിലായി. പിന്നീട് ഇരുവരും ജാമ്യത്തിലിറങ്ങി . രണ്ട് ദിവസം മുമ്ബ് അമ്ബത്തൂരിലെ ലേക്സൈഡ് ഏരിയയിലെ ഒറഗഡത്ത് വീട്ടില്‍ താമസിക്കുന്ന വിജയകുമാറിനെ കാണാന്‍ കാര്‍ത്തിക് എത്തിയിരുന്നു.
മറ്റൊരു ഗുണ്ടാനേതാവായ റൗഡി സൂര്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട് കാര്‍ത്തിക്കും വിജയകുമാറും നാടന്‍ ബോംബ് ഉണ്ടാക്കുകയായിരുന്നു. ഇതിനിടെ കൈയ്യിലിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു . കാര്‍ത്തിക്കിന്റെ 2 കൈകളും അറ്റുപോയി . കൂടാതെ കാലിനും മുഖത്തിനും ശരീരത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന വിജയകുമാറിനും സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് . അമ്ബത്തൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്