പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈല്‍ റീചാര്‍ജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം.പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
‘ഇന്ത്യന്‍ സര്‍ക്കാര്‍ അത്തരത്തിലുള്ള ഒരു സ്‌കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള ശ്രമമാണ്, അവര്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈല്‍ റീചാര്‍ജ് എന്ന സന്ദേശം വാട്‌സാപ്പ് വഴിയാണ് പ്രചരിച്ചത്. സൗജന്യ സേവനം കിട്ടാന്‍ ഒരു ലിങ്ക് കാണിച്ചിരുന്നു. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മൊബൈല്‍ റീചാര്‍ജ് ലഭിക്കുമെന്നായിരുന്നു സന്ദേശം.
ലിങ്ക് ക്ലിക്ക് ചെയ്താല്‍ സ്‌കാമര്‍മാരുടെ നിയന്ത്രണത്തിലുള്ള ഒരു വെബ്‌സൈറ്റ് തുറക്കുമെന്നാണ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ പിഐബി പറയുന്നത്. ഈ വെബ്‌സൈറ്റ് പിന്നീട് ഉപയോക്താക്കളെ കബളിപ്പിക്കും. ഉപയോക്താക്കള്‍ ബാങ്കിംഗ് വിവരങ്ങള്‍ നല്‍കുന്നതിനോ അല്ലെങ്കില്‍ ഓഫര്‍ ക്ലെയിം ചെയ്യുന്നതിന് നിശ്ചിത പേയ്‌മെന്റ് നടത്തുന്നതിനോ ഇടയാക്കും. ഉപയോക്താക്കള്‍ വിശദാംശങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ ബാങ്കിംഗ് തട്ടിപ്പിലേക്ക് നയിച്ചേക്കാവുന്ന അക്കൗണ്ട് വിശദാംശങ്ങളും മറ്റ് ആവശ്യമായ വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ലഭിക്കും. ഉപയോക്താക്കള്‍ ഇത്തരം സന്ദേശങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും പിഐബി മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, അത്തരം സന്ദേശങ്ങള്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് കൈമാറരുതെന്നും നിര്‍ദേശമുണ്ട്.