Home Featured ബന്ദിപ്പൂര്‍ കടുവസങ്കേതത്തില്‍ ജലക്ഷാമം; സോളാര്‍ കുഴല്‍ക്കിണറുകള്‍ക്ക് പുനര്‍ജനി

ബന്ദിപ്പൂര്‍ കടുവസങ്കേതത്തില്‍ ജലക്ഷാമം; സോളാര്‍ കുഴല്‍ക്കിണറുകള്‍ക്ക് പുനര്‍ജനി

by admin

ബംഗളൂരു: ചാമരാജനഗർ, മൈസൂരു ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ബന്ദിപ്പൂർ കടുവസങ്കേതത്തിലെ ജലാശയങ്ങള്‍ വറ്റിത്തുടങ്ങി. ചെറുതടാകങ്ങള്‍, കുളങ്ങള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ ജലനിരപ്പ് അനുദിനം താഴുന്നു. മഴ കുറഞ്ഞതാണ് കാരണം. വനമേഖലയില്‍ സ്ഥിതിചെയ്യുന്ന മംഗള അണക്കെട്ട് അക്ഷയഖനിയായി അരികിലുണ്ടെങ്കിലും പ്രധാനമായും ആനകളുടെ മേഖലയാണത്.

മറ്റു മൃഗങ്ങള്‍ക്ക് തണ്ണീർപ്പന്തലുകള്‍ ഒരുക്കാനായി സൗരോർജ പമ്ബുകള്‍ ഉപയോഗിച്ച്‌ വെള്ളം ശേഖരിക്കുന്ന കുഴല്‍ക്കിണറുകള്‍ ആശ്രയിക്കാൻ ഒരുങ്ങുകയാണ് കടുവസങ്കേതം അധികൃതർ. മതിയായ തോതില്‍ മഴ പെയ്തതിനാല്‍ ഉപേക്ഷിച്ച കുഴല്‍ക്കിണറുകള്‍ നശിക്കുകയോ നാശവക്കിലെത്തുകയോ ചെയ്ത അവസ്ഥയിലാണ്.

57 കുഴല്‍ക്കിണറുകളാണ് പുനർജനിക്കുന്നത്. 872.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സങ്കേതപരിധിയില്‍ 418 ജലസ്രോതസ്സുകള്‍ ഉണ്ടെങ്കിലും മിക്കതും വർഷകാലം നിറയുകയും വേനലെത്തുന്നതോടെ ജലനിരപ്പ് ക്രമത്തില്‍ കുറയുന്നവയുമാണ്.

മേഖലയില്‍ അന്തരീക്ഷ താപനില 30 ഡിഗ്രിയില്‍ താഴാതെ മുന്നോട്ടുപോകുന്നത് തനത് സ്രോതസ്സുകളിലെ ജലനിരപ്പ് കുറയാൻ കാരണമാവുന്നതായി കടുവസങ്കേതം അധികൃതർ പറഞ്ഞു. കൂട്ടിച്ചേർത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടെ 1036 ചതുരശ്ര കിലോമീറ്ററുള്ള സങ്കേതത്തെ 13 റേഞ്ചുകളായി തിരിച്ചിട്ടുണ്ട്. പുനരുജ്ജീവിപ്പിക്കുന്ന കുഴല്‍ക്കിണറുകള്‍ വഴി സംഭരിക്കുന്ന വെള്ളം റേഞ്ചുകള്‍ തിരിച്ച്‌ വീതിച്ചാണ് ഉപയോഗിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group