ബെംഗളൂരു: ബിഡദിയിൽ നിർമിച്ച മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റിന്റെ പ്രവർത്തനം ജൂലായ് രണ്ടാംവാരം ആരംഭിക്കുമെന്ന് ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ് അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) സഹകരണത്തോടെ കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ.) ആണ് പ്ലാൻ്റ് നിർമിച്ചത്.
പത്തേക്കർ സ്ഥലത്ത് 260 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ദിവസേന 11.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാൻ്റിനുണ്ടാകും. ദിവസേന 600 ടൺ ഖരമാലിന്യം പ്ലാൻ്റിൽനിന്ന് വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലാൻ്റിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി രണ്ടുലക്ഷം വീടുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാൻറ് സ്ഥാപിക്കുന്നത് കെ.പി.സി.എൽ. ആണെങ്കിലും മാലിന്യം കൈകാര്യം ചെയ്യേണ്ടത് ബി.ബി.എം.പി.യാണ്. മാലിന്യം പ്ലാൻ്റിലെത്തിക്കേണ്ട ചുമതല ബി.ബി.എം.പി.ക്കായിരി ക്കും. 2020 ഡിസംബറിലാണ് പ്ലാൻ്റിൻ്റെ ശിലാസ്ഥാപനം നടന്നത്.