ബംഗളൂരു: വിജയപുര ജില്ലയിലെ വഖഫ് ഭൂമി വിവാദത്തില്‍ കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ കർണാടക സർക്കാർ. കർഷകരില്‍നിന്ന് വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷമായ ബി.ജെ.പി വിഷയം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന് പിന്നാലെയാണ് വിവാദ നോട്ടീസ് പിൻവലിക്കാൻ കോണ്‍ഗ്രസ് സർക്കാർ തീരുമാനിച്ചത്.കർഷകർക്ക് നല്‍കിയ നോട്ടീസ് പിൻവലിക്കുമെന്നും പിഴവ് സംബന്ധിച്ച് വിജയപുര ഡെപ്യൂട്ടി കമീഷണർ അന്വേഷിക്കുമെന്നും നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ അറിയിച്ചു. തിങ്കളാഴ്ച ബംഗളൂരുവില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം വളരെ സെൻസിറ്റിവാണ്. കർഷകരുടെ ഭൂമി പിടിച്ചെടുത്ത് വഖഫ് ഭൂമിയാക്കാൻ സർക്കാറിന് ഒരു ഉദ്ദേശവുമില്ല. ഏതെങ്കിലും വിധത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തും. അതോടൊപ്പം പിഴവു വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിയമമന്ത്രി മുന്നറിയിപ്പ് നല്‍കി. പഴയ ഗസറ്റില്‍ വന്ന പിഴവാണ് തെറ്റായ രീതിയില്‍ നോട്ടീസ് അയക്കാൻ കാരണമായതെന്ന് വിജയപുര ജില്ല ചുമതലയുള്ള മന്ത്രി എം.ബി. പാട്ടീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ഡെപ്യൂട്ടി കമീഷണറിന്റെ നേതൃത്വത്തില്‍ കർമസമിതി രൂപവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മന്ത്രി എം.ബി. പാട്ടീലിന്റെ പ്രസ്താവനയോടെ വിഷയത്തിലെ വിവാദം അവസാനിച്ചുവെന്നും ബി.ജെ.പിക്ക് വേണമെങ്കില്‍ വിവാദം തുടരാമെന്നും മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. വിഷയത്തില്‍ വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ രാജി ബി.ജെ.പി ആവശ്യപ്പെട്ടത് സംബന്ധിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍, വില്ലേജ് അക്കൗണ്ടന്റോ തഹസില്‍ദാറോ വരുത്തിയ പിഴവിന് വഖഫ് മന്ത്രി എന്തിന് രാജിവെക്കണമെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. ഒരു നോട്ടീസ് തെറ്റായി അയച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താൻ ഡെപ്യൂട്ടി കമീഷണറുണ്ട്. അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍ അതിന് മുകളില്‍ സർക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയപുര തികോട്ട താലൂക്കിലെ ഹൊനവാദ്, ഇൻഡി താലൂക്കില്‍ ഉള്‍പ്പെടുന്ന നെഹള്ളി വില്ലേജുകളിലെ 1200 ഏക്കർ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നോട്ടീസ് നല്‍കിയതോടെയാണ് കർഷകർ തെരുവിലിറങ്ങിയത്. വിഷയം വിവാദമായതോടെ, പഴയ ഗസറ്റിലെ പിഴവാണ് വഖഫ് ബോർഡ് നോട്ടീസ് നല്‍കുന്നതിലേക്ക് നയിച്ചതെന്ന് മന്ത്രി എം.ബി. പാട്ടീല്‍ വിശദീകരിച്ചു. ‘1974ല്‍ ഹൊനവാദ് വില്ലേജിലെ ഭൂമി അബദ്ധവശാല്‍ ഗസറ്റ് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുകയായിരുന്നെന്നും ഈ ഭൂമി യഥാർഥത്തില്‍ മഹല്‍ ഭാഗ് സർവേ നമ്ബറില്‍ പെട്ടതാണെന്നും എം.ബി. പാട്ടീല്‍ ചൂണ്ടിക്കാട്ടി.
1977ല്‍ ഈ തെറ്റ് വഖഫ് ബോർഡ് തിരുത്തിയിരുന്നു. 10 ഏക്കർ ഖബർസ്ഥാൻ മാത്രമാണ് പ്രസ്തുത വില്ലേജില്‍ വഖഫ് ഭൂമിയായുള്ളതെന്നായിരുന്നു തിരുത്തല്‍. ബാക്കിവരുന്ന 12,00 ഏക്കർ (1974ല്‍ വഖഫ് ഭൂമിയായി രേഖപ്പെടുത്തിയത്) കർഷകരുടേതാണെന്നും കർഷകരുടെ ഒരിഞ്ചു ഭൂമിപോലും വഖഫ് ഭൂമിയില്‍ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കർഷകരുമായി കൂടിക്കാഴ്ചക്ക് ബി.ജെ.പി നിയോഗിച്ച അഞ്ചംഗ സംഘം ചൊവ്വാഴ്ച വിജയപുര സന്ദർശിക്കും. ഗോവിന്ദ് കർജോല്‍ എം.പി, എം.എല്‍.എമാരായ ഹരീഷ് പൂഞ്ച, മഹേഷ് തെങ്കിൻകായ്, മുൻ എം.എല്‍.സി അരുണ്‍ ഷാഹപൂർ, ബി.ജെ.പി കിസാൻ മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കല്‍മരുദ്രപ്പ എന്നിവരാണ് സംഘത്തിലുള്ളത്.